ന്യൂഡൽഹി: റാഞ്ചി അതിരൂപതയുടെ വികാരി ജനറാളും റാഞ്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിന്റെ ഇടവക വികാരിയുമായ ഫാ. ആനന്ദ് ഡേവിഡ് സാൽഷോ (51)യെ റാഞ്ചി അതിരൂപതയുടെ സഹായ മെത്രാനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
1975 നവംബർ 20-ന് റാഞ്ചി അതിരൂപതയിലെ മന്ദാറിൽ ജനിച്ച ഫാ. ആനന്ദ് ഡേവിഡ് സാൽഷോ തന്റെ പ്രാഥമിക വിദ്യാഭ്യാസം മന്ദാറിലെ എലമെന്ററി സ്കൂളിൽ (1983–1989) പൂർത്തിയാക്കി. തുടർന്ന് ഗുംലയിലെ സെന്റ് ഇഗ്നേഷ്യസ് സ്കൂളിൽ (1990–1994) ഹൈസ്കൂൾ വിദ്യാഭ്യാസം നേടി. കൊൽക്കത്തയിലെ സെന്റ് ജോൺ വിയാനി മൈനർ സെമിനാരിയിൽ (1994–1996) വൈദിക പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ അദ്ദേഹം റാഞ്ചിയിലെ സെന്റ് ആൽബർട്സ് കോളേജിൽ (1996–1999) മേജർ സെമിനാരി പഠനവും, സെന്റ് സേവ്യേഴ്സ് കോളേജിൽ (1999–2002) കോളേജ് പഠനവും നടത്തി. തുടർന്ന് റാഞ്ചിയിലെ സെന്റ് ആൽബർട്സ് കോളേജിൽ (2002–2006) ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.
2006 മേയ് 15-ന് റാഞ്ചി അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ച അദ്ദേഹം പിന്നീട് വിവിധ ഉത്തരവാദിത്വങ്ങൾ വഹിക്കുകയും ഉന്നത പഠനങ്ങൾ നടത്തുകയും ചെയ്തു. 2006 മുതൽ 2009 വരെ കർദിനാൾ ടോപ്പോയുടെ സ്വകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2009 മുതൽ 2011 വരെ മംഗളൂരുവിലെ മുള്ളേഴ്സ് ആശുപത്രിയിൽ ആശുപത്രി ഭരണത്തിൽ ബിരുദാനന്തര പഠനം നടത്തി.
2011 മുതൽ 2015 വരെ ഉത്തരേന്ത്യയിലെ സിബിസിഐ സൊസൈറ്റി ഫോർ മെഡിക്കൽ എജ്യുക്കേഷന്റെ അസോസിയേറ്റ് ഡയറക്ടറായും, ബിജാൻ മേഖലയുടെ കീഴിലുള്ള കൗൺസിൽ ഓഫ് ഡയസിയൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും പ്രവർത്തിച്ചു. 2011 മുതൽ 2020 വരെ മന്ദാറിലെ ലീവൻസ് ആശുപത്രി പദ്ധതിയുടെ ഭരണസമിതി അംഗമായിരുന്നു. 2015 മുതൽ 2017 വരെ സിബിസിഐ സെക്രട്ടറി ജനറലിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2017 മുതൽ 2020 വരെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയിരുന്നു. 2019 മുതൽ 2020 വരെ റാഞ്ചി ആർച്ച് ബിഷപ്പിന്റെ വസതിയുടെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു. 2020 മുതൽ റാഞ്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ ഇടവക വികാരിയും അസിസ്റ്റന്റ് വികാരിയുമായും സേവനം തുടരുന്നു.
2021 മുതൽ റാഞ്ചി സോഷ്യൽ ഡെവലപ്മെന്റ് സെന്ററിന്റെ ഡയറക്ടറായും, 2022 മുതൽ 2026 വരെ സെമിനാരിയന്മാരുടെ ഡയറക്ടറായും പ്രവർത്തിച്ചു. 2024 മുതൽ റാഞ്ചി അതിരൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

