മഞ്ഞുമ്മൽ: പുത്തൻപള്ളി, ആലുവ പൊന്തിഫിക്കൽ സെമിനാരികളിൽ അരനൂറ്റാണ്ടോളം നിസ്തുലമായ സേവനം അനുഷ്ഠിച്ച ഫാ. സക്കറിയാസ് ഒ സി ഡി , ഫാ. ഔറേലിയൻ ഒ സി ഡി എന്നിവരുടെ സ്മരണ പുതുക്കി കാർമ്മൽഗിരി സെമിനാരിയിലെ വൈദികരും സെമിനാരി വിദ്യാർത്ഥികളും തീർത്ഥാടനം നടത്തി.
നവംബർ 16-ന് മഞ്ഞുമ്മൽ ഔർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൊണാസ്ട്രി ദേവാലയത്തിലേക്കായിരുന്നു 150 പേരടങ്ങിയ തീർത്ഥാടക സംഘത്തിന്റെ യാത്ര. ഇരുവരും അന്ത്യവിശ്രമം കൊള്ളുന്ന ദേവാലയത്തിൽ ഫാ. ഔറേലിയന്റെ സ്വർഗീയ പ്രവേശനത്തിന്റെ 63-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു തീർത്ഥാടനം. കാർമ്മൽഗിരി സെമിനാരി റെക്ടർ ഫാ. ഫ്രാൻസിസ് മരോട്ടിക്കാപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച് ദിവ്യബലി അർപ്പിച്ചു. ഫാ. ഷാനു ഫെർണാണ്ടസ് വചനപ്രഘോഷണം നടത്തി. നിഷ്കളങ്കമായ സ്നേഹവും ആത്മാർഥതയും ജീവിതത്തിൽ നിറച്ചുകൊണ്ട് വൈദിക രൂപീകരണത്തിനായി ജീവിതം മുഴുവൻ സമർപ്പിച്ചവരായിരുന്നു ഫാ. സക്കറിയാസും ഫാ. ഔറേലിയനും. അവരുടെ മാതൃകാപരമായ ജീവിതവും നിസ്വാർഥ സേവനവും ഇന്നും സെമിനാരി വിദ്യാർത്ഥികൾക്കും വൈദികർക്കും പ്രചോദനവും വിസ്മയവുമായി നിലകൊള്ളുന്നു. അവരുടെ ഓർമകൾ പുതുക്കാനും ജീവിതമാതൃകയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാനുമുള്ള അവസരമായി തീർത്ഥാടനം മാറി.

