ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2026 ജനുവരി മുതൽ ഒക്ടോബർ വരെ ഇത്തരം 84 സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തതായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (സി.എസ്.ജെ) പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു.റിപ്പോർട്ട് പ്രകാരം ഇരകളിൽ 49 പേർ ക്രൈസ്തവരും 35 പേർ ഹൈന്ദവരുമാണ്.
പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 47 കേസുകൾ പഞ്ചാബിലും 36 കേസുകൾ സിന്ധിലും ഒരെണ്ണം ബലൂചിസ്ഥാനിലുമാണ്. പഞ്ചാബിൽ ഇരകളിൽ 46 പേരും ക്രൈസ്തവരാണ്. സിന്ധിൽ 33 ഹൈന്ദവരും മൂന്നു ക്രൈസ്തവരുമാണ് അതിക്രമങ്ങൾക്ക് ഇരയായത്.കണക്കുകൾ പ്രകാരം ഇരകളിൽ 43 പേരെങ്കിലും പ്രായപൂർത്തിയാകാത്തവരാണ്. 37 പേർക്ക് 14 മുതൽ 17 വരെ പ്രായമുണ്ട്. ആറുപേർ 14 വയസ്സിൽ താഴെയുള്ളവരാണ്. 31 പേർ പ്രായപൂർത്തിയായവരും പത്തുപേരുടെ പ്രായം സ്ഥിരീകരിക്കാത്തവരുമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ നേരിടുന്ന തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, ശൈശവവിവാഹം തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.
നിർബന്ധിത മതപരിവർത്തനത്തിനു പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളെ മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021 മുതൽ 2025 വരെ സമാനമായ 515 കേസുകൾ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്.മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മനുഷ്യാവകാശ സംഘടനകളും ന്യൂനപക്ഷാവകാശ പ്രവർത്തകരും നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടും നിയമപാലകരുടെയും കോടതികളുടെയും പ്രതികരണം പലപ്പോഴും മന്ദഗതിയിലാണെന്ന് സി.എസ്.ജെ വിമർശിച്ചു. ന്യൂനപക്ഷ പെൺകുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിൽ ഭരണകൂടം കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.

