പുകാൽപ: ദൈവം ഓരോ മനുഷ്യനും നൽകിയിരിക്കുന്ന കഴിവുകളും അനുഗ്രഹങ്ങളും വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം മനുഷ്യസമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയ്ക്കായി വിനിയോഗിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ. പെറുവിലെ പുകാൽപയിലുള്ള വില്ല ദെപോർത്തീവാ റെജ്യൊണാൽ ഉകായാലി കായികസമുച്ചയത്തിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു പാപ്പ.
ഒരു ലക്ഷത്തോളം വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. താലന്തുകളെക്കുറിച്ചുള്ള യേശുവിന്റെ ഉപമ വിശദീകരിച്ച പാപ്പാ, ദൈവം മനുഷ്യരിൽ വിശ്വാസമർപ്പിച്ചാണ് വിവിധ കഴിവുകളും അനുഗ്രഹങ്ങളും ഏൽപ്പിച്ചിരിക്കുന്നതെന്ന് ഓർമിപ്പിച്ചു. ലഭിച്ച കഴിവുകൾ നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാനും മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനും ഉപയോഗിക്കുന്നവരാണ് യഥാർഥത്തിൽ വിശ്വസ്തരായ ദാസന്മാരെന്നും അദ്ദേഹം പറഞ്ഞു.ഭയത്തിലും അടിമത്തത്തിലുമുള്ള മനോഭാവത്തിൽനിന്ന് ദൈവത്തിന്റെ സ്നേഹത്തിലുള്ള വിശ്വാസത്തിലേക്ക് മനുഷ്യർ വളരേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവം കഠിനഹൃദയനായ യജമാനനല്ലെന്നും മനുഷ്യരെ സ്നേഹിക്കുന്ന പിതാവാണെന്നും ഓർമിപ്പിച്ച അദ്ദേഹം, നാം അടിമകളല്ല, ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന ബോധ്യത്തോടെ ജീവിക്കണമെന്നും ആഹ്വാനം ചെയ്തു.
മനുഷ്യന്റെ അന്തസ്സും പ്രകൃതിയുടെ സുസ്ഥിരതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. ആമസോൺ മേഖലയിലെ പരിസ്ഥിതി ചൂഷണം, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടിക്കൽ, തൊഴിൽ മേഖലയിലെ ചൂഷണം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. പരിസ്ഥിതിയെ നശിപ്പിക്കുന്നതും മനുഷ്യരെ ചൂഷണം ചെയ്യുന്നതുമായ പ്രവണതകൾ ഒരുപോലെ ചെറുക്കപ്പെടേണ്ടതാണെന്നും പാപ്പാ പറഞ്ഞു.
ദൈവം നൽകിയ താലന്തുകൾ ഫലപ്രദമായി വിനിയോഗിക്കാൻ മൂന്ന് കാര്യങ്ങൾ പ്രധാനമാണെന്ന് പാപ്പാ വിശദീകരിച്ചു. ഒന്നാമതായി, പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും കുടുംബങ്ങളിലും ഇടവകകളിലും വിദ്യാലയങ്ങളിലും വിശ്വാസവും ദൈവസ്നേഹവും നീതിബോധവും വളർത്തണം. രണ്ടാമതായി, കുട്ടികൾ, യുവജനങ്ങൾ, വയോധികർ, ദരിദ്രർ, അടിച്ചമർത്തപ്പെട്ടവർ എന്നിവരോട് കരുതലും കരുണയും പ്രകടിപ്പിച്ച് മാനവികത വളർത്തണം. അക്രമത്തിന് സ്നേഹത്തിലൂടെയും അഴിമതിക്ക് സത്യസന്ധതയിലൂടെയും അദ്ദേഹം ഓർമിപ്പിച്ചു. മൂന്നാമതായി, മയക്കുമരുന്നിലോ സമ്പത്തിലോ അധികാരത്തിലോ അല്ല, ദൈവകൃപയിലും സാഹോദര്യത്തിലുമാണ് യഥാർഥ സന്തോഷം കണ്ടെത്തേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
മനുഷ്യനെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് പ്രകൃതിക്കും വളരാനാകുന്നതെന്നും കാരുണ്യത്തിന്റെ സംസ്കാരം സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നീതിയും സമാധാനവും സ്വാതന്ത്ര്യവും നിറഞ്ഞ സമൂഹം ഒരുമിച്ച് കെട്ടിപ്പടുക്കാൻ ക്രൈസ്തവർ മുന്നിട്ടിറങ്ങണമെന്നും യേശുക്രിസ്തുവിൽനിന്ന് വെളിച്ചവും പ്രത്യാശയും സ്വീകരിച്ച് ജീവിതത്തിൽ നന്മയുടെ സാക്ഷികളാകണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

