വത്തിക്കാൻ സിറ്റി: ദൈവം നൽകിയ കഴിവുകളും അനുഗ്രഹങ്ങളും പരസ്പരം സേവിക്കുന്നതിനും ദൈവകൃപയുടെ നല്ല കാര്യസ്ഥരായി ജീവിക്കുന്നതിനും വിനിയോഗിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പാ. കത്തോലിക്കാ ജീവകാരുണ്യ പ്രവർത്തകരുടെ സംഘടനയായ ഫാഡിക്കയുടെ (FADICA – Foundations and Donors Interested in Catholic Activities) പ്രതിനിധി സംഘവുമായി ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം ആഹ്വാനം ചെയ്തത്.
സഭയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഭാവനകരെയും ഫൗണ്ടേഷനുകളെയും ഒരുമിപ്പിക്കുന്ന ഫാഡിക്ക സംഘടന 1976-ൽ അമേരിക്കയിലാണ് സ്ഥാപിതമായത്. സംഘടനയുടെ അമ്പതാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്. കുട്ടികളുടെ സംരക്ഷണം, സൃഷ്ടിയുടെ പരിപാലനം, ഇടവകകളുടെയും വിദ്യാലയങ്ങളുടെയും പിന്തുണ, ദാരിദ്ര്യം, വംശീയ വിവേചനം, മാനുഷിക പ്രതിസന്ധികൾ എന്നിവയെ അഭിമുഖീകരിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സംഘടന സേവനം ചെയ്യുന്നു.
അപ്പസ്തോലന്മാരുടെ കബറിടങ്ങൾ സന്ദർശിച്ചുകൊണ്ടുള്ള പ്രതിനിധി സംഘത്തിന്റെ തീർത്ഥാടനം ആത്മീയമായി ഫലദായകമാകട്ടെയെന്നും പത്രോസിന്റെ പിൻഗാമിയുമായും ആഗോളസഭയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.1626-ൽ നിലവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കൂദാശ നടന്നതിന്റെ 400-ാം വാർഷിക ദിനത്തിലാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് യേശുവിനെക്കുറിച്ച് വിശ്വാസം ഏറ്റുപറഞ്ഞ ഗലീലിയിലെ എളിയ മുക്കുവനായ പത്രോസിനാണ് സ്വർഗരാജ്യത്തിന്റെ താക്കോലുകൾ യേശു ഏൽപ്പിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
അപ്പസ്തോലനായ പത്രോസിന്റെ കബറിടത്തിനുമുകളിൽ നിർമിക്കപ്പെട്ട സെന്റ് പീറ്റേഴ്സ് ബസിലിക്ക, ആദ്യത്തെ പാപ്പ മുതൽ ഇന്നുവരെയുള്ള വിശ്വാസപാരമ്പര്യത്തിന്റെ തുടർച്ചയ്ക്ക് ജീവിക്കുന്ന സാക്ഷ്യമാണെന്നും പാപ്പാ പറഞ്ഞു.വിദ്യാഭ്യാസം, സൃഷ്ടിയുടെ പരിപാലനം, മനുഷ്യാന്തസ്സിന്റെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ റോമൻ കൂരിയയുടെ വിവിധ സംരംഭങ്ങൾ ഉൾപ്പെടെ ആഗോളസഭയുടെ പ്രവർത്തനങ്ങൾക്ക് ഫാഡിക്ക നൽകിവരുന്ന സാമ്പത്തിക പിന്തുണയെയും പാപ്പാ പ്രത്യേകം പരാമർശിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ, ദൈവം നൽകിയ കഴിവുകൾ പരസ്പരം സേവിക്കുന്നതിനായി വിനിയോഗിക്കണമെന്ന വിശുദ്ധ പത്രോസിന്റെ ഉദ്ബോധനം പ്രാവർത്തികമാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘടനയിലെ ജീവകാരുണ്യ പ്രവർത്തകർ നടത്തുന്ന സേവനങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിച്ച പാപ്പാ, ദരിദ്രരുടെയും സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരുടെയും ആവശ്യങ്ങൾ പ്രത്യേകം പരിഗണിക്കണമെന്ന് അഭ്യർഥിച്ചു. ആദ്യകാല ക്രൈസ്തവ സമൂഹം ആവശ്യഘട്ടങ്ങളിൽ പ്രത്യേകിച്ച് വിശുദ്ധ പത്രോസിനുവേണ്ടി പ്രാർഥനയിൽ ഒരുമിച്ചിരുന്നതുപോലെ, തന്റെ പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള ശുശ്രൂഷയിൽ കർത്താവ് ശക്തിയും സഹായവും നൽകുന്നതിനായി ആത്മീയ പിന്തുണയും പ്രാർഥനയും ഉണ്ടാകണമെന്നും പാപ്പാ പ്രതിനിധി സംഘത്തോട് അഭ്യർഥിച്ചു.

