കൊൽക്കത്ത: ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി നാഷണൽ ക്രിസ്ത്യൻ കൗൺസിൽ, പശ്ചിമ ബംഗാൾ. ക്രൈസ്തവ സമൂഹത്തിനെതിരെ പൊതുവായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് തെളിവുകൾ ഹാജരാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഇത്തരം പരാമർശങ്ങൾ സമൂഹത്തിലും മതസൗഹാർദത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കൗൺസിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഒരു മതസമൂഹത്തെയും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശങ്ങൾ ആശങ്കാജനകമാണെന്നും വ്യക്തമാക്കി. രാജ്യസഭാംഗം കൂടിയായ ഷമിക് ഭട്ടാചാര്യ ആരോപണവിധേയമായ സ്കൂളുകളുടെയും കോളജുകളുടെയും പേരുകൾ വ്യക്തമാക്കണമെന്നും ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ പരസ്യപ്പെടുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇതുവഴി നിഷ്പക്ഷമായ അന്വേഷണം സാധ്യമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.”വികാരങ്ങൾക്ക് തെളിവുകൾക്ക് പകരമാകാനാവില്ല. ആരോപണങ്ങൾ വസ്തുതകൾക്ക് പകരമല്ല. ഒരു മതസമൂഹത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താൻ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് ന്യായീകരണമാകാനാവില്ല,” കൗൺസിൽ വ്യക്തമാക്കി.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം മതപരിവർത്തനമല്ലെന്നും വിദ്യാഭ്യാസം, മാനുഷിക മൂല്യങ്ങൾ, അച്ചടക്കം, കാരുണ്യം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുകയാണെന്നും കൗൺസിൽ വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ മതങ്ങളിൽപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥികൾ തങ്ങളുടെ മതവിശ്വാസവും സ്വത്വവും നിലനിർത്തിക്കൊണ്ട് പഠിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. “വിദ്യാഭ്യാസം മനുഷ്യന്റെ ചിന്താലോകത്തെ വികസിപ്പിക്കേണ്ടതാണ്; ഒരാളുടെ മതപരമായ സ്വത്വം ഇല്ലാതാക്കാനുള്ളതല്ല,” പ്രസ്താവനയിൽ പറയുന്നു. നിർബന്ധിത മതപരിവർത്തനത്തെയോ വഞ്ചന, സമ്മർദം, നിയമവിരുദ്ധമായ പ്രലോഭനങ്ങൾ എന്നിവയിലൂടെയുള്ള മതപരിവർത്തനത്തെയോ കൗൺസിൽ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തി നിയമനടപടികൾ സ്വീകരിക്കണം.
എന്നാൽ മതസ്വാതന്ത്ര്യത്തെയും മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെയും നിർബന്ധിത മതപരിവർത്തനവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ക്രൈസ്തവ മിഷനറി സ്ഥാപനങ്ങളെ മതപരിവർത്തനത്തിനുള്ള ഉപാധികളായി ചിത്രീകരിക്കുന്നതിനെയും കൗൺസിൽ വിമർശിച്ചു. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ തോമസ് അപ്പസ്തോലന്റെ ആഗമനത്തോടെ ഇന്ത്യയിൽ ക്രൈസ്തവ സാന്നിധ്യം ആരംഭിച്ചതാണെന്നും ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് ഏറെ മുമ്പുതന്നെ ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തെ ബ്രിട്ടീഷ് കൊളോണിയൽ ചരിത്രവുമായി മാത്രം ബന്ധപ്പെടുത്തുന്നത് ചരിത്രപരമായി തെറ്റാണെന്നും കൗൺസിൽ വ്യക്തമാക്കി. ഇന്ത്യൻ ക്രൈസ്തവർ രാജ്യത്തിന്റെ സാമൂഹിക, സാംസ്കാരിക, ദേശീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മതപരമായ സ്വത്വത്തിന്റെ പേരിൽ അവരുടെ പൗരത്വത്തെയും രാജ്യസ്നേഹത്തെയും ചോദ്യം ചെയ്യരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബംഗാളിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനകൾ വിശദീകരിക്കുന്നതിനിടെ കൊൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളജിലെ പൂർവവിദ്യാർഥികളായ സ്വാമി വിവേകാനന്ദൻ, നേതാജി സുഭാഷ് ചന്ദ്രബോസ്, പരമഹംസ യോഗാനന്ദ, എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ എന്നിവരെയും കൗൺസിൽ പരാമർശിച്ചു. ഇവർ തങ്ങളുടെ മതപരവും ദാർശനികവുമായ സ്വത്വം നിലനിർത്തിക്കൊണ്ടു തന്നെ ഇന്ത്യൻ സമൂഹത്തിനും സംസ്കാരത്തിനും ദേശീയ ജീവിതത്തിനും വലിയ സംഭാവനകൾ നൽകിയവരാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് വിദ്യാർഥികൾക്ക് സ്വന്തം മതവിശ്വാസം ഉപേക്ഷിക്കേണ്ടതില്ലെന്നതിന്റെ തെളിവാണ് ഈ വ്യക്തിത്വങ്ങളുടെ ജീവിതമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ക്രിസ്മസ് അടുത്തുവരുന്ന സാഹചര്യത്തിൽ മിഷനറി സ്ഥാപനങ്ങൾക്കെതിരായ പൊതുവായ ആരോപണങ്ങൾ ക്രൈസ്തവർക്കിടയിൽ ഭയവും അവിശ്വാസവും ശത്രുതയും വളർത്താൻ ഇടയാക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി. പശ്ചിമ ബംഗാളിന്റെ സാംസ്കാരികവും ചരിത്രപരവുമായ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ് ക്രൈസ്തവ സമൂഹമെന്നും അവരെ അന്യരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.”ഞങ്ങൾ ഈ മണ്ണിന്റെ മക്കളാണ്. ഇന്ത്യയുടെ ഭരണഘടനയെ ആദരിക്കുകയും ദേശീയ പതാകയെ ബഹുമാനിക്കുകയും രാജ്യത്തെ എല്ലാ സമൂഹങ്ങളോടും ഒത്തൊരുമയോടെ സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു,” പ്രസ്താവനയിൽ പറയുന്നു.

