വത്തിക്കാൻ സിറ്റി: പെറുവിലെ അപ്പസ്തോലിക സന്ദർശനത്തിനിടെ ഒരു വിശ്വാസി സമ്മാനിക്കാനായി എറിഞ്ഞ ജപമാല മുഖത്ത് തട്ടിയ അനുഭവം ഹൃദയസ്പർശിയായ ഓർമയായി പങ്കുവച്ച് ലെയോ പതിനാലാമൻ പാപ്പ. ലാറ്റിനമേരിക്കൻ സന്ദർശനത്തിനുശേഷം റോമിലേക്ക് മടങ്ങുകയായിരുന്ന വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് പാപ്പ ഈ അനുഭവം അനുസ്മരിച്ചത്.
സ്നേഹപൂർവം സമ്മാനിക്കാനായി ഒരു വിശ്വാസി എറിഞ്ഞ ജപമാല തന്റെ ഹൃദയത്തിലും ഒരുപക്ഷേ മുഖത്തും തട്ടിയെന്ന് പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ വസ്ത്രത്തിൽ സ്പർശിച്ച് സൗഖ്യം തേടിയ സുവിശേഷത്തിലെ സ്ത്രീയെപ്പോലെ, പെറുവിലെ ജനങ്ങൾ പാപ്പ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലിൽ സ്പർശിച്ച് അനുഗ്രഹം നേടാൻ ശ്രമിച്ചത് അവരുടെ ആഴമായ വിശ്വാസത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഈ വിശ്വാസം ദൈവത്തിന്റെ വലിയ ദാനമാണെന്നും പാപ്പ വ്യക്തമാക്കി. അടുത്തിടെ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടും ലാറ്റിനമേരിക്കൻ സന്ദർശനം പൂർത്തിയാക്കാൻ കഴിഞ്ഞത് ദൈവത്തിന്റെ സഹായവും ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനയും കൊണ്ടാണെന്ന് പാപ്പ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം മാത്രമായിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച യാത്ര പൂർത്തിയാക്കാൻ ആഗ്രഹിച്ചിരുന്നു.
പൂർണ ആരോഗ്യവാനല്ലെങ്കിലും സുഖമായിരിക്കുന്നുവെന്നും സഹനശക്തി ദൈവത്തിന്റെ ദാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉറുഗ്വേയിലെ വിശ്വാസികളുടെ സ്വീകരണത്തെയും പാപ്പ പ്രത്യേകം പരാമർശിച്ചു. മതനിരപേക്ഷ സമൂഹമായി അറിയപ്പെടുന്ന രാജ്യത്ത് ‘നൊസ്ത്ര സിഞ്ഞോറ ദെയ് ത്രെന്തത്രെ’ തിരുനാളിനോടനുബന്ധിച്ച് ലഭിച്ച സ്വീകരണം അത്ഭുതകരവും ആഴത്തിൽ സ്വാധീനിക്കുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ രാജ്യമെന്നതുകൊണ്ട് ഉറുഗ്വേ അപ്രസക്തമാകുന്നില്ലെന്നും പാപ്പ ഓർമ്മിപ്പിച്ചു.
അർജന്റീനൻ പ്രസിഡന്റ് ഹാവിയർ മിലെയുമായുള്ള കൂടിക്കാഴ്ചകൾ ക്രിയാത്മകമായിരുന്നുവെന്നും പാപ്പ വ്യക്തമാക്കി. തന്റെ സന്ദേശം രാഷ്ട്രീയപരമല്ലെന്നും ഇടതുപക്ഷത്തോ വലതുപക്ഷത്തോ തന്നെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾക്കപ്പുറം മനുഷ്യരാശിയുടെ നന്മയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരെ പരിഗണിക്കാനും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മനുഷ്യജീവന്റെ മൂല്യം സംരക്ഷിക്കാനും പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും പാപ്പ കൂട്ടിച്ചേർത്തു.

