പുനലൂർ: ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പുനലൂർ രൂപത മെത്രാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു. ചരിത്രം കേവലം കഴിഞ്ഞകാല സംഭവങ്ങളുടെ രേഖയല്ലെന്നും തലമുറകളെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) പുനലൂർ രൂപത യൂണിറ്റ് രൂപീകരണ സമ്മേളനവും നേതൃസംഗമവും ഇളമ്പൽ സെന്റ് അലോഷ്യസ് സെമിനാരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ചരിത്രവും പൈതൃകവും അറിയാത്ത സമൂഹം മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ചരിത്രരേഖകളും പൈതൃകവും സംരക്ഷിക്കാൻ എല്ലാവരും പ്രതിബദ്ധരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പുനലൂർ രൂപതയുടെയും രൂപതയിലെ ഇടവകകളുടെയും ചരിത്രരചന എത്രയും വേഗം പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ ഊർജിതമാക്കാൻ സമ്മേളനം തീരുമാനിച്ചു. സഭയുടെയും സമുദായത്തിന്റെയും ചരിത്രബോധം വളർത്തുക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, ചരിത്രപഠനത്തിലേക്ക് പുതുതലമുറയെ പ്രചോദിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു സംഗമം.സെന്റ് അലോഷ്യസ് മൈനർ സെമിനാരി റെക്ടർ ഫാ. വിൻസന്റ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപിക പി. എൽ. പ്രസന്ന പുനലൂർ രൂപതയുടെ സംക്ഷിപ്ത ചരിത്രം അവതരിപ്പിച്ചു. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജോൺ ബോസ്കോ മാനുവൽ ഹെറിറ്റേജ് കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.
കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ സംഘടനയുടെ കർമപരിപാടികൾ അവതരിപ്പിച്ചു.വിദ്യാഭ്യാസ ശുശ്രൂഷാ സമിതി കോർഡിനേറ്റർ ഫാ. ഡോ. ക്രിസ്റ്റി ജോസഫ്, മിനിസ്ട്രി ചീഫ് കോർഡിനേറ്റർ ഫാ. ബെനഡിക്ട്, പുനലൂർ രൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഷൈലജ ബാബു, കെഎൽസിഎച്ച്എ ഓർഗനൈസിങ് സെക്രട്ടറി ഇഗ്നേഷ്യസ് തോമസ്, സെക്രട്ടറി അലക്സ് മുതുകുളം, അസിസ്റ്റന്റ് ട്രഷറർ ബേബി തദേവൂസ് ക്രൂസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാർഷൽ ഫ്രാങ്ക്, നെൽസൺ എട്ടുരുത്തിൽ, മനു എസ്. എസ്., സജീവ് ബി. വയലിൽ, ലാലി സിൽവസ്റ്റർ, ജിജി ജസ്റ്റിസ് എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.സമ്മേളനത്തിൽ കെഎൽസിഎച്ച്എ പുനലൂർ രൂപതയുടെ ആത്മീയ ഉപദേഷ്ടാവായി ഫാ. വിൻസന്റ് ഡിക്രൂസിനെ രൂപതാധ്യക്ഷൻ നിയമിച്ചു. രൂപത ഡയറക്ടറായി ഷൈലജ ബാബുവിനെയും പ്രസിഡന്റായി പി. എൽ. പ്രസന്നയെയും സെക്രട്ടറിയായി ഡോ. ജോയ് ഫ്രാൻസിസിനെയും ഉൾപ്പെടെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

