ന്യൂഡൽഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്തുന്ന ഭരണഘടനാ ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. 2029 ലെ തെരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.
ബിൽ പാസാകുന്നതോടെ ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകൾക്കായി സംവരണം ചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.
ബില്ലുകൾ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. സഭയിൽ മൊത്തം ഹാജരാകുന്ന അംഗങ്ങളുടെ കണക്കുകൾവെച്ചാണ് ഇത് തീരുമാനിക്കുക. 540 അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആദ്യം അവതരിപ്പിക്കുന്ന ലോക്സഭയിൽ ബിൽ വോട്ടിനിടുന്ന സാഹചര്യത്തിൽ, പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ് ബിൽ പാർലമെന്റ് പാസാക്കിയാൽ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം ബാധകമാകും. മൂന്നുദിവസമാണ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം.

