തിരുവനന്തപുരം: ഐക്യരാഷ്ട്രസഭാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപതയിലെ ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂളിൽ വിജ്ഞാനമത്സരമായ നോളജ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിലുള്ള വിദ്യാർത്ഥികളുടെ അറിവും മികവും വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടി ഡോ. ജിബു ജെ. ജാജിൻ ഉദ്ഘാടനം ചെയ്തു.
നോളജ് ഫൗണ്ടേഷൻ ഡയറക്ടറും അന്താരാഷ്ട്ര ക്വിസ് മാസ്റ്ററുമായ ഡോ. പി. ജസ്റ്റിൻ ആന്റണിയാണ് ഒളിമ്പ്യാഡിന് നേതൃത്വം നൽകിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ കന്യാകുമാരി ജില്ലാ കളക്ടർ എം. പ്രതാപ് ഐ.എ.എസ് അഭിനന്ദിച്ചു. വിദ്യാർത്ഥികളിൽ വിജ്ഞാനവും പഠനതാൽപര്യവും വളർത്തുന്ന ഇത്തരം സംരംഭങ്ങൾ സംഘടിപ്പിച്ചതിന് വിജയികളെയും സ്കൂൾ മാനേജ്മെന്റിനെയും കളക്ടർ പ്രത്യേകം അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. കാർമലിന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പരിപാടിയുടെ ക്രമീകരണങ്ങൾ നിർവഹിച്ചു.

