വത്തിക്കാൻ സിറ്റി: പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്തുമസ് ട്രീ ഡിസംബർ 7-ന് പ്രകാശിക്കും. ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ കാൻസർ ചികിത്സയിൽ കഴിയുന്ന കുട്ടികളാണ് വൈകുന്നേരം 5.30-ന് നടക്കുന്ന ചടങ്ങിൽ ദീപങ്ങൾ തെളിയിക്കുക.
ഇതേ സമയത്ത് വിശുദ്ധ ഫ്രാൻസിസ് അസീസിയുമായി ചരിത്രപരമായ ബന്ധമുള്ള ഇറ്റലിയിലെ ഗുബ്ബിയോ നഗരത്തിലും ക്രിസ്തുമസ് ട്രീ പ്രകാശിപ്പിക്കും.നവംബർ 18-ന് വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. റോമിൽനിന്ന് 161 കിലോമീറ്റർ വടക്കായി ഉംബ്രിയ മേഖലയിലാണ് ഗുബ്ബിയോ സ്ഥിതി ചെയ്യുന്നത്.
നഗരവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന ചെന്നായയെ വിശുദ്ധ ഫ്രാൻസിസ് മെരുക്കിയെന്ന പാരമ്പര്യത്തിലൂടെയാണ് ഈ നഗരം വിശുദ്ധനുമായി ബന്ധപ്പെട്ടിരിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാർഷികം ആചരിക്കുന്ന വർഷം കൂടിയാണിത്. ഈ സവിശേഷ പശ്ചാത്തലത്തിൽ ഗുബ്ബിയോയിൽ ഒരുക്കുന്ന ക്രിസ്തുമസ് ട്രീ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീയായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

