സാമ്പാളൂർ: ചരിത്രപ്രസിദ്ധമായ സാമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർത്ഥാടന ദൈവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൃപജ്വാല ബൈബിൾ കൺവെൻഷന് തുടക്കമായി. മഞ്ഞുമ്മൽ കർമലീത്ത വൈദികരാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.
ആദ്യദിനമായ നവംബർ 18ന് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലയ്ക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്നുനടന്ന ദിവ്യബലിക്ക് അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. ഫാ. നസറത്ത്, ഫാ. ജസ്റ്റിൻ, ഫാ. ജപ്സൺ, ഫാ. ടോണി പിൻഹീറോ, ഫാ. ആന്റണി ഒ സി ഡി , ഫാ. ഫ്രാൻസിസ് ഒ സി ഡി എന്നിവർ സഹകാർമികരായി.
കുടുംബങ്ങളിലും വ്യക്തിജീവിതത്തിലും വിവിധ പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുന്നവരെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ദൈവവചനം വായിക്കുകയും ശ്രവിക്കുകയും ചെയ്യുന്നതിലൂടെ പരിശുദ്ധാത്മാവിനാൽ നിറയാനും ജീവിതനവീകരണം സാധ്യമാക്കാനും കഴിയും. വചനത്തിന്റെ ശക്തിയാൽ തിന്മകളെയും പാപാവസ്ഥകളെയും ജീവിതത്തിൽനിന്ന് നീക്കം ചെയ്യുമ്പോൾ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുകയും വ്യക്തികളും കുടുംബങ്ങളും സമൂഹവും അനുഗ്രഹപൂർണമാകുകയും ചെയ്യുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നവംബർ 18 മുതൽ 22 വരെയാണ് അഞ്ചുദിവസത്തെ ബൈബിൾ കൺവെൻഷൻ. തുടർന്ന് നവംബർ 23 മുതൽ ഡിസംബർ 1 വരെ നവനാൾ പ്രാർത്ഥനകൾ നടക്കും. ഡിസംബർ 2ന് തിരുനാൾ കൊടിയേറ്റവും 5ന് ഊട്ടുതിരുനാളും 6ന് ആഘോഷമായ തിരുനാളും നടക്കും. വിശുദ്ധന്റെ എട്ടാമിടം ഡിസംബർ 13നും പതിനഞ്ചാമിടം ഡിസംബർ 20നും ആഘോഷിക്കും. വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ജോൺ ബ്രിട്ടോ, ഫാ. ജോസഫ് കോൺസ്റ്റന്റൈൻ ബസ്കി, അർണോസ് പാതിരി തുടങ്ങിയ മിഷനറി വൈദികരുടെ സാന്നിധ്യത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് സാമ്പാളൂർ. വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ നാമധേയത്തിൽ ഈശോസഭാ വൈദികർ സ്ഥാപിച്ച സെന്റ് പോൾസ് ആശ്രമം, സെമിനാരി, പ്രസ്സ് എന്നിവ പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. മലയാളഭാഷയിൽ ആദ്യകാല അച്ചടിപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച സാമ്പാളൂർ അച്ചുകൂടത്തിൽ നിരവധി പ്രമുഖ മിഷനറി വൈദികരുടെ ഗ്രന്ഥങ്ങൾ അച്ചടിച്ചിരുന്നു. പ്രിൻസി പാതിരിയുടെ തമിഴ് നിഘണ്ടുവും ഡി കോസ്റ്റ പാതിരിയുടെ തമിഴ് വ്യാകരണവും സെന്റ് പോൾസ് പ്രസ്സിലാണ് അച്ചടിച്ചത്.
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികശരീരം ഗോവയിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടെയെത്തി പ്രാർത്ഥിക്കാൻ കഴിയാത്തവർക്ക് വിശുദ്ധന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സാമ്പാളൂർ തീർത്ഥാടനകേന്ദ്രത്തിൽ പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള അവസരവുമുണ്ട്. നിരവധി വിശ്വാസികളാണ് ഇതിനായി ഇവിടെ എത്തുന്നത്.അഞ്ചുദിവസത്തെ കൺവെൻഷനിലും വിശ്വാസികൾ മുടങ്ങാതെ പങ്കുചേരണമെന്നും കുടുംബങ്ങളിലെ പ്രയാസങ്ങളും പ്രതിസന്ധികളും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു. നാനാജാതി മതസ്ഥർക്കും കുടുംബസമേതം പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇടവക വികാരി ഫാ. ജോൺസൺ പങ്കേത്ത്, സഹവികാരി ഫാ. നിഖിൽ മുട്ടിക്കൽ, ട്രസ്റ്റിമാരായ ഫ്രാൻസിസ് സിമേതി, ആഷ്ലി ഡി. റോസാരിയോ, കേന്ദ്രസമിതി പ്രസിഡന്റ് ജോമോൻ പിൻഹീറോ, സെക്രട്ടറി നെൽന സിമേതി, ട്രഷറർ ട്രീസ മെൻഡെസ്, പാരിഷ് കൗൺസിൽ അംഗങ്ങളായ ഷൈൻ അവരേഷ്, ഷിജി കൊറയ, റോസിലി, കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. ബൈബിൾ കൺവെൻഷൻ അവസാനിക്കുന്ന ദിവസങ്ങളിൽ വെണ്ണൂർ, അഷ്ടമിച്ചിറ, ഗുരുതിപാല, മുരിങ്ങൂർ, കാതിക്കുടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കുമെന്ന് കൺവെൻഷൻ കൺവീനർ തോമസ് അവരേഷ് അറിയിച്ചു.

