കൊച്ചി: മുല്ലമ്പിള്ളി പാക്കേജിന്റെ ഭാഗമായി മുലവുകാട് കാട്ടാത്ത് കടവിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി അനുവദിച്ച പുനരധിവാസ ഭൂമിയുടെ വികസന നടപടികൾക്ക് വേഗം കൈവരുന്നു. സൈറ്റ് മണ്ണിട്ട് ബലപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
കണ്ടെയ്നർ റെയിൽവേ പദ്ധതിക്കായി 2008-ൽ മുലവുകാട് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 14 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി 2009-ലാണ് സർക്കാർ ഒരേക്കർ ചതുപ്പുനിലം അനുവദിച്ചത്. പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ കളക്ടറുടെ ഫണ്ടിൽ നിക്ഷേപിച്ചിരുന്ന തുകയിൽനിന്ന് സർക്കാർ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സൈറ്റ് ബലപ്പെടുത്തുന്നതിനായി 1,974.702 ക്യുബിക് മീറ്റർ മണ്ണ് കൊച്ചി തുറമുഖ അധികൃതർ സൗജന്യമായി നൽകും. സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിന് ഇറിഗേഷൻ വകുപ്പിനാണ് ചുമതല. നിക്ഷേപിക്കുന്ന മണ്ണിന്റെ ഗുണനിലവാരവും ബലപ്പെടുത്തൽ നടപടികളുടെ കാര്യക്ഷമതയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പരിശോധിക്കും.
മുല്ലമ്പിള്ളി പാക്കേജ് കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കലിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സൈറ്റിന്റെ സ്കെച്ച്, മണ്ണ് പരിശോധനാ റിപ്പോർട്ട് തുടങ്ങിയ രേഖകളും ഉദ്യോഗസ്ഥർക്ക് കൈമാറി. ഭരണാനുമതി, സാങ്കേതികാനുമതി, ഫണ്ട് എന്നിവ ലഭിച്ച സാഹചര്യത്തിൽ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ വർഷങ്ങളായി കാത്തിരിക്കുന്ന 14 കുടുംബങ്ങളുടെ പുനരധിവാസ പ്രതീക്ഷകൾക്ക് വീണ്ടും പ്രതീക്ഷയേറുകയാണ്.

