കൊച്ചി: സിഎംഐ സഭയുടെ നേതൃത്വത്തിൽ 2026-ലെ ഇയർ ഓഫ് മീഡിയ ആചരണത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മീഡിയ പുരസ്കാരങ്ങൾക്ക് മൂന്നുപേരെ തിരഞ്ഞെടുത്തു. സിനിമാ സംവിധായകൻ ലിയോ തദ്ദേവൂസ്, സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, മാധ്യമപ്രവർത്തകൻ ആന്റോ അക്കര എന്നിവരാണ് പുരസ്കാര ജേതാക്കൾ.
സിനിമാ സംവിധാനത്തിലും തിരക്കഥാരചനയിലുമുള്ള സർഗാത്മക മികവിനാണ് ലിയോ തദ്ദേവൂസിനെ ആദരിക്കുന്നത്. സംഗീത സംവിധാനരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് അൽഫോൻസ് ജോസഫിനെ തിരഞ്ഞെടുത്തത്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള ധീരമായ മാധ്യമപ്രവർത്തനവും എഴുത്തുമാണ് ആന്റോ അക്കരയെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഫലകം, പ്രശസ്തിപത്രം, 25,000 രൂപ വീതം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. കാക്കനാട് സിഎംഐ ജനറലേറ്റിൽ നടക്കുന്ന നാഷണൽ മീഡിയ കോൺക്ലേവിൽ മന്ത്രി റോജി എം. ജോൺ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വരുംതലമുറകളെ സ്വാധീനിക്കുകയും വിവിധ മേഖലകളിൽ മികവിന്റെ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്ത പ്രതിഭകളെ ആദരിക്കുകയാണ് പുരസ്കാരങ്ങളുടെ ലക്ഷ്യമെന്ന് സിഎംഐ സഭയുടെ വിദ്യാഭ്യാസ, മാധ്യമ വിഭാഗം കൗൺസിലർ ഫാ. ബിനോയ് ഇലവുങ്കൽ അറിയിച്ചു.

