ബെംഗളൂരു: മതപരിവർത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിൻവലിക്കണമെന്ന ആവശ്യം കർണാടകയിൽ ശക്തമാകുന്നു. ഡിസംബർ രണ്ടിന് ബെലഗാവിയിൽ ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഈ വിഷയങ്ങൾ സജീവ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. വിവിധ മത, സാമൂഹിക സംഘടനകളുടെ പ്രതിഷേധം സംസ്ഥാന സർക്കാരിന് രാഷ്ട്രീയ വെല്ലുവിളിയായിരിക്കുകയാണ്. 2022-ൽ നടപ്പാക്കിയ കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി ന്യൂനപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
നവംബർ 12-ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ‘വോയ്സ് ഓഫ് മൈനോറിറ്റീസ് ആൻഡ് ദി ഒപ്രസ്ഡ് സെക്ഷൻസ് ഓഫ് കർണാടക’യുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനും പ്രതിഷേധ റാലിയും ഇതിന് കൂടുതൽ ശക്തി പകർന്നു. ക്രൈസ്തവ, മുസ്ലിം സംഘടനകൾക്കു പുറമേ ദളിത് സംഘടനകൾ, കർഷക കൂട്ടായ്മകൾ, പൗരാവകാശ പ്രവർത്തകർ എന്നിവരും പ്രതിഷേധത്തിൽ പങ്കുചേർന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനവും സമർപ്പിച്ചു.
മതപരിവർത്തന നിരോധന നിയമം ഭരണഘടന ഉറപ്പുനൽകുന്ന മനഃസാക്ഷി സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം എന്നിവയ്ക്ക് വിരുദ്ധമാണെന്ന് ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ ചൂണ്ടിക്കാട്ടി. മതപരിവർത്തനത്തിന് മുൻകൂർ സത്യവാങ്മൂലം നൽകണമെന്നും ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നുമുള്ള വ്യവസ്ഥകൾ മതപരമായ ചടങ്ങുകൾക്കും പ്രാർഥനാ കൂട്ടായ്മകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തടസ്സമാകുമെന്ന ആശങ്കയും ക്രൈസ്തവ സംഘടനകൾ പങ്കുവച്ചു.നിയമസഭാ സമ്മേളനത്തിൽ ഈ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

