കൊച്ചി: സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗവും തീരദേശ ജനതയുടെ ഉപജീവനസുരക്ഷയും ലക്ഷ്യമിട്ട് കേരളത്തിന്റെ നീല സമ്പദ് വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും സംബന്ധിച്ച സംസ്ഥാനതല ശിൽപശാല നവംബർ 21-ന് പനങ്ങാട് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിൽ (കുഫോസ്) നടക്കും.
കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ), കുഫോസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ‘കടൽ’ ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം നിർവഹിക്കും. കുഫോസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ കൊച്ചി മുഹമ്മദ് ഷിയാസ്, ദീപക് ജോയ് തുടങ്ങിയവർ പങ്കെടുക്കും.
മത്സ്യബന്ധനം, മത്സ്യ മൂല്യശൃംഖല, സമുദ്ര ധാതുവിഭവങ്ങൾ, പുനരുപയോഗ സമുദ്രോർജം, സമുദ്ര ആവാസവ്യവസ്ഥ, ജൈവവൈവിധ്യം, സമുദ്ര ജൈവസാങ്കേതികവിദ്യ, സമുദ്രഗതാഗതം, തീരദേശ ടൂറിസം തുടങ്ങിയ മേഖലകളെ ആസ്പദമാക്കി ആറ് സമാന്തര ശിൽപശാലകൾ നടക്കും. വിവിധ മേഖലകളിലെ വിദഗ്ധരും ഗവേഷകരും ജനപ്രതിനിധികളും വിഷയങ്ങൾ അവതരിപ്പിക്കും.വൈകുന്നേരം നാലിന് ‘കേരളത്തിനായി ജനകേന്ദ്രീകൃത നീല സമ്പദ് വ്യവസ്ഥയിലേക്ക്’ എന്ന പ്രമേയത്തിൽ സമാപന പ്ലീനറി സമ്മേളനം നടക്കും. വിവിധ ശിൽപശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്യും.
നീല സമ്പദ് വ്യവസ്ഥയും സുസ്ഥിര സമുദ്രവികസനവും സംബന്ധിച്ച പ്രഖ്യാപനം ഇഗ്നേഷ്യസ് മൺറോ അവതരിപ്പിക്കും. ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് മുഖ്യാതിഥിയായിരിക്കും. സമുദ്രവിഭവങ്ങളുടെ വികസനം വ്യവസായങ്ങളുടെയും നിക്ഷേപ താൽപര്യങ്ങളുടെയും വളർച്ചയിൽ മാത്രം ഒതുങ്ങരുതെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും തീരദേശ സമൂഹങ്ങളുടെയും അവകാശങ്ങളും ഉപജീവനമാർഗങ്ങളും പരിസ്ഥിതിയുടെ സുസ്ഥിരതയും ഉറപ്പാക്കുന്ന വികസന മാതൃകയാണ് ആവശ്യമെന്നുമുള്ള കാഴ്ചപ്പാടാണ് ശിൽപശാല മുന്നോട്ടുവയ്ക്കുന്നത്.

