എഡിൻബറോ: ആഗോള സമുദ്രസംരക്ഷണ രംഗത്തെ പ്രധാന വേദിയായ എട്ടാമത് ഇന്റർനാഷണൽ മറൈൻ കൺസർവേഷൻ കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് ഓഷ്യൻ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി (ഒഎസ്സി) സ്ഥാപകനും ഡയറക്ടറുമായ ജെയ്സൺ ജോൺ പങ്കെടുത്തു.
സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ നടന്ന സമ്മേളനത്തിൽ കേരളത്തിലെ തീരദേശ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളും സമുദ്രസംരക്ഷണ പ്രവർത്തനങ്ങളിൽ യുവജനങ്ങൾക്കുള്ള പങ്കും അദ്ദേഹം അവതരിപ്പിച്ചു. 2020-ൽ ആരംഭിച്ച ഓഷ്യൻ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റിയിലൂടെ ഇതുവരെ 5,000-ത്തിലധികം വിദ്യാർത്ഥികളെയും 300-ലധികം യുവ സന്നദ്ധപ്രവർത്തകരെയും സമുദ്ര-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ജെയ്സൺ ജോണിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി 150-ലധികം പരിസ്ഥിതി, വിദ്യാഭ്യാസ പരിപാടികൾക്കും നേതൃത്വം നൽകി.
തീരദേശ മേഖലകളിലെ യുവജനങ്ങളെ സമുദ്രസംരക്ഷണ പ്രവർത്തനങ്ങളുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധ ലഭിച്ചത്. കേരളത്തിലെ തീരദേശ സമൂഹങ്ങളുടെ അനുഭവങ്ങളും യുവജനങ്ങളുടെ ഇടപെടലുകളും ആഗോളതലത്തിൽ പങ്കുവയ്ക്കാൻ സമ്മേളനത്തിലെ പങ്കാളിത്തം അവസരമായി.

