ചിക്ലായോ: പെറു സന്ദർശനത്തിനിടെ താൻ മുൻപ് ബിഷപ്പായി സേവനമനുഷ്ഠിച്ച ചിക്ലായോ രൂപതയിലെ 140 വൈദികർക്കൊപ്പം അത്താഴവിരുന്ന് പങ്കിട്ട് ലെയോ പതിനാലാമൻ പാപ്പ. സാന്റോ ടൊറിബിയോ ഡി മൊഗ്രോവെജോ സ്കൂളിൽ നടന്ന കൂടിക്കാഴ്ച സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സംഗമമായി മാറി.
പഴയ സഹപ്രവർത്തകരായ വൈദികരോടൊപ്പം സമയം ചെലവഴിക്കാനും അത്താഴം കഴിക്കാനുമുള്ള ആഗ്രഹം പാപ്പ തന്നെയാണ് പ്രകടിപ്പിച്ചത്.തങ്ങളുടെ മുൻ ഇടയനെ മാർപാപ്പയായി വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു വൈദികർ. കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നുവെന്നും എല്ലാവരോടുമൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ പാപ്പയ്ക്കും വൈദികർക്കും വലിയ സന്തോഷമുണ്ടായിരുന്നുവെന്നും ചിക്ലായോയിൽ ലെയോ പാപ്പ ബിഷപ്പായിരുന്ന കാലത്ത് കത്തീഡ്രൽ വികാരിയായിരുന്ന ഫാ. ജോർജ് മില്ലൻ ഇഡബ്ല്യുടിഎൻ ന്യൂസിനോട് പറഞ്ഞു.ഒരു കുടുംബസംഗമത്തിന്റെ ഊഷ്മളതയോടെയാണ് അത്താഴവിരുന്ന് നടന്നതെന്നും, തങ്ങളോടൊപ്പം ഇരിക്കുന്നത് ലോകത്തിന്റെ പരമാധ്യക്ഷനായ മാർപാപ്പയാണെന്ന കാര്യം അത്ഭുതത്തോടെയാണ് ഓർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരുന്നിനൊടുവിൽ പാപ്പ പ്രകടിപ്പിച്ച സ്നേഹവും അടുപ്പവും ഏറെ ഹൃദ്യമായിരുന്നുവെന്നും വൈദികർ പങ്കുവെച്ചു.ഇടവകകളെ സജീവമായി നിലനിർത്താനും പരസ്പരം ആഴത്തിൽ സ്നേഹിക്കാനും ഐക്യത്തോടെ പ്രവർത്തിക്കാനും ലെയോ പാപ്പ വൈദികരോട് ആഹ്വാനം ചെയ്തു. സുവിശേഷവൽക്കരണത്തിനും ദൈവസ്നേഹം പകർന്നുനൽകുന്നതിനും ജീവിതം സമർപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

