ലിമ: പെറൂവിയൻ ആമസോൺ മേഖലയിൽ ദിവ്യബലി അർപ്പിച്ച ആദ്യ മാർപാപ്പയായി ലെയോ പതിനാലാമൻ പാപ്പ ചരിത്രത്തിൽ ഇടംപിടിച്ചു. ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മേഖലയിലെ പാപ്പയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പെറുവിയൻ ബിഷപ്പ് മാർട്ടിൻ ക്വിജാനോ പറഞ്ഞു.
ആമസോൺ മേഖലയിൽ ഒരു പാപ്പ ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കുന്നതെന്ന പ്രത്യേകതയാണ് ഈ സന്ദർശനത്തിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ പാപ്പമാർ പെറൂവിയൻ ആമസോൺ സന്ദർശിച്ചിരുന്നെങ്കിലും അവിടെ ദിവ്യബലിക്ക് കാർമികത്വം വഹിച്ചിരുന്നില്ല. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഇക്വിറ്റോസിലെത്തിയപ്പോൾ തദ്ദേശീയ ജനവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2018 ജനുവരിയിൽ ഫ്രാൻസിസ് പാപ്പ പ്യൂർട്ടോ മാൽഡൊണാഡോ സന്ദർശിച്ചപ്പോഴും ദിവ്യബലി അർപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലെയോ പതിനാലാമൻ പാപ്പയുടെ പുക്കാൽപ സന്ദർശനം സഭാചരിത്രത്തിൽ സവിശേഷ സ്ഥാനമുറപ്പിച്ചത്.
പാപ്പയുടെ സന്ദർശനത്തിന് ആഴത്തിലുള്ള അജപാലനപരമായ പ്രാധാന്യമുണ്ടെന്ന് പെറുവിലെ അപ്പസ്തോലിക് നൂൺഷ്യോ ബിഷപ്പ് പൗലോ റോക്കോ ഗ്വാൾട്ടിയേരി പറഞ്ഞു. സഭയിലെ മുൻകാല ശുശ്രൂഷയുടെ ഭാഗമായിരുന്ന പെറുവിലേക്കുള്ള പാപ്പയുടെ മടക്കയാത്രയ്ക്ക് പ്രത്യേക പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെറുവിന്റെ തീരപ്രദേശങ്ങൾ, പർവതനിരകൾ, ആമസോൺ വനമേഖല എന്നിവിടങ്ങളിലെ സന്ദർശനങ്ങളിലൂടെ രാജ്യത്തെ വിവിധ ജനവിഭാഗങ്ങളിലേക്ക് സുവിശേഷസന്ദേശം എത്തിക്കുകയായിരുന്നു പാപ്പയുടെ യാത്രയുടെ ലക്ഷ്യമെന്നും നൂൺഷ്യോ വ്യക്തമാക്കി.

