ലിമ: പെറുവിയൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററിൽ പൈലറ്റുമാർക്കൊപ്പം കോക്പിറ്റിലിരുന്ന് യാത്ര ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ശനിയാഴ്ച ചിക്ലായോയിൽനിന്ന് കാജമാർക്ക മേഖലയിലെ വിദൂര ഗ്രാമമായ സാന്താ ക്രൂസ് ഡി സച്ചബാംബയിലേക്കായിരുന്നു പാപ്പയുടെ വേറിട്ട ആകാശയാത്ര.
യാത്രക്കാരുടെ സീറ്റിൽ ഇരിക്കുന്നതിനുപകരം കോക്പിറ്റിൽ ഇരിക്കാനാണ് പാപ്പ താത്പര്യം പ്രകടിപ്പിച്ചത്. പൈലറ്റുമാരായ ജിനോ ബർഗോസ്, ഹാവിയർ റോജാസ് എന്നിവർക്കൊപ്പം ഏകദേശം 45 മിനിറ്റോളം അദ്ദേഹം കോക്പിറ്റിൽ ചെലവഴിച്ചു. ഹെഡ്സെറ്റ് ധരിച്ച് പൈലറ്റുമാരുമായി സംസാരിക്കുകയും താഴെ തടിച്ചുകൂടിയ ജനങ്ങൾക്ക് കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന പാപ്പയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ‘പാപ്പാ കോപ്റ്റർ’ എന്ന പേരിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.മൂന്നു പതിറ്റാണ്ടായി ഒരുമിച്ച് പ്രവർത്തിക്കുന്ന തങ്ങൾക്ക് പാപ്പയോടൊപ്പമുള്ള യാത്ര വലിയ ബഹുമതിയും മറക്കാനാവാത്ത അനുഭവവുമാണെന്ന് പൈലറ്റുമാരും പെറുവിയൻ വ്യോമസേനയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വലതു ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്കുശേഷം ഒരു മാസം പിന്നിടുമ്പോഴാണ് 71-കാരനായ പാപ്പയുടെ ഈ യാത്ര. പെറുവിലെ തീരദേശ മരുഭൂമിയിൽനിന്ന് ആൻഡീസ് പർവതനിരകളിലേക്കും തുടർന്ന് ആമസോൺ മഴക്കാടുകളിലേക്കും നീണ്ട സന്ദർശനത്തിനിടെ അദ്ദേഹം ക്ഷീണത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല.
1985 മുതൽ 2023 വരെ മിഷനറിയായും ബിഷപ്പായും പെറുവിൽ സേവനം ചെയ്തിട്ടുള്ള ലെയോ പതിനാലാമൻ പാപ്പയ്ക്ക് പ്രദേശത്തെ ജനങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ സന്ദർശനത്തിനിടെ വിശ്വാസികളിൽനിന്ന് ആവേശകരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.

