കൊച്ചി : മൂലംപള്ളി പാക്കേജ് പ്രകാരം കാക്കനാട് ഇന്ദിരാനഗറിൽ 118 കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച പുനരധിവാസ ഭൂമിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.ഇന്ദിരാനഗറിലെ പുനരധിവാസ സൈറ്റിൽ മണ്ണിട്ട് ബലപ്പെടുത്തുന്നതിനായി കൊച്ചിൻ പോർട്ട് അതോറിറ്റി നിക്ഷേപിച്ച ഫണ്ടിൽനിന്ന് 1.48 കോടി രൂപ ജില്ലാ കളക്ടർ നവംബർ അഞ്ചിന് പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിരുന്നു.
ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാത്രിയുടെ മറവിൽ റോഡുകളുടെയും കെട്ടിടങ്ങളുടെയും പൊളിച്ചുനീക്കിയ അവശിഷ്ടങ്ങളും മാലിന്യങ്ങളും സൈറ്റിലെ പ്ലോട്ടുകളിൽ നിക്ഷേപിക്കുന്നത്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പാക്കേജ് മോണിറ്ററിങ് സമിതി അംഗങ്ങളും ഭൂവുടമകളും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം.
ഏറെ പ്രതീക്ഷയോടെ പുനരധിവാസ ഭൂമി ലഭിച്ച കുടുംബങ്ങളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്ന തരത്തിലാണ് സാമൂഹികവിരുദ്ധരുടെ ഈ നടപടിയെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. മാലിന്യം തള്ളിയ നടപടിയെ പ്രൊഫ. കെ. അരവിന്ദാക്ഷൻ, അഡ്വ. സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, വി.പി. വിൽസൻ, കെ. റെജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ എന്നിവർ ശക്തമായി അപലപിച്ചു.

