കൊച്ചി: രാജ്യത്ത് ആദ്യമായി ജാതി വിവരങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന സെൻസസിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കൊപ്പം ഒബിസി വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതി ആവശ്യപ്പെട്ടു. ജാതി വിവരശേഖരണത്തിന് ഓപ്പൺ എൻഡഡ് ചോദ്യാവലിക്ക് പകരം ഡ്രോപ്പ് ഡൗൺ മെനു സംവിധാനം ഏർപ്പെടുത്തണമെന്നും ചോദ്യാവലി പരിഷ്കരിച്ചശേഷം മാത്രമേ രണ്ടാംഘട്ട സെൻസസ് നടപടികൾ ആരംഭിക്കാവൂ എന്നും സമിതി ആവശ്യപ്പെട്ടു.
രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരുന്ന ഒബിസി വിഭാഗത്തിന്റെ പ്രാതിനിധ്യം തിരിച്ചറിയാൻ കഴിയാത്തവിധത്തിലുള്ള സെൻസസ് രീതി കേന്ദ്രസർക്കാരിന്റെ മുന്നോക്ക വിഭാഗ പ്രീണനത്തിന്റെ ഉദാഹരണമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതിലൂടെ പിന്നാക്ക സമുദായങ്ങൾക്ക് ലഭിച്ച 27 ശതമാനം സംവരണം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ചു.ഏകദേശം 88 കോടി വരുന്ന പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണവും വിദ്യാഭ്യാസം, ഉദ്യോഗം, തൊഴിൽ മേഖലകളിലെ സംവരണമുൾപ്പെടെയുള്ള അവകാശങ്ങളും നിഷേധിക്കുന്നതാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്ന വിവരശേഖരണ പത്രികയെന്ന് ഭാരവാഹികൾ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ യഥാർഥ ജനസംഖ്യ പുറത്തുവരുന്നതിലൂടെ ആനുപാതികമായ വിഭവവിതരണത്തിലും പ്രാതിനിധ്യത്തിലും അർഹമായ അവകാശങ്ങൾ ഉറപ്പാക്കാൻ കഴിയണം.
ഇതിനായി കേന്ദ്രസർക്കാരും സെൻസസ് ഉദ്യോഗസ്ഥരും നിലവിലെ തീരുമാനങ്ങൾ തിരുത്തി ഭരണഘടന വിഭാവനം ചെയ്യുന്ന സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ ജാതി സെൻസസ് നടത്തണമെന്നും കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ ആവശ്യപ്പെട്ടു.ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ട്രഷറർ എൻ.ജെ. പൗലോസ്, വൈസ് പ്രസിഡന്റുമാരായ ബാബു ആന്റണി, ഡോ. സൈമൺ കൂമ്പയിൽ, എം.എൻ. ജോസഫ്, സെക്രട്ടറിമാരായ നിക്സൺ വേണാട്ട്, റോസ് മാർട്ടിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആഷ്ലിൻ പോൾ, ടി.എ. ആൽബിൻ, ബിജു വർഗീസ്, ജോബി ജോർജ്, അഡ്വ. ജിജോ കെ.എസ്., ബേസിൽ മുക്കത്ത്, ആൻസ ജെയിംസ്, സിബി ജോയ് എന്നിവർ പ്രസംഗിച്ചു.

