എടത്തല : സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണത്തിന് പുതിയ സാധ്യത തുറന്ന് എടത്തലയിൽ ആരംഭിക്കുന്ന ആർഡിഎഫ് പ്ലാന്റിന് പ്രതിദിനം 100 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ഗ്രീൻ വേസ്റ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിനാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ 260 തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അജൈവ മാലിന്യങ്ങൾ പ്ലാന്റിലെത്തിക്കും. പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിച്ച് റിഫ്യൂസ് ഡെറൈവ്ഡ് ഫ്യൂവൽ (ആർഡിഎഫ്) എന്ന ഇന്ധനമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉൽപ്പാദിപ്പിക്കുന്ന ആർഡിഎഫ് സിമന്റ് ഫാക്ടറികളിലും മറ്റു വ്യവസായശാലകളിലും കൽക്കരിക്ക് പകരമുള്ള ഇന്ധനമായി ഉപയോഗിക്കാനാകും. ഇതിലൂടെ മാലിന്യസംസ്കരണത്തിനൊപ്പം പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും സാധിക്കും.

