കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) ഏർപ്പെടുത്തിയിട്ടുള്ള 2026-ലെ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. നാമനിർദ്ദേശങ്ങൾ ഡിസംബർ 15-നകം സമർപ്പിക്കണം.
കേരളത്തിലെ ലത്തീൻ കത്തോലിക്കാ പ്രതിഭകളെ വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ആദരിക്കുന്നതിനായി 2014 മുതൽ കെ.ആർ.എൽ.സി.സി. അവാർഡുകൾ നൽകി വരുന്നുണ്ട്. നിലവിൽ മൂന്ന് വർഷത്തിലൊരിക്കലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. നാമനിർദ്ദേശം ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ച വിശദവിവരങ്ങൾക്കൊപ്പം സർട്ടിഫിക്കറ്റുകൾ, പ്രശംസാപത്രങ്ങൾ, പത്രവാർത്തകൾ, ഫോട്ടോകൾ, ലഭിച്ചിട്ടുള്ള മറ്റ് അവാർഡുകളുടെയും അംഗീകാരങ്ങളുടെയും രേഖകൾ എന്നിവയും സമർപ്പിക്കണം. ആവശ്യമായ സഹായരേഖകളില്ലാത്ത നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല. ഒന്നിലധികം വ്യക്തികളെ നിർദ്ദേശിക്കുന്നവർ ഓരോരുത്തർക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
സാഹിത്യ, വൈജ്ഞാനിക സാഹിത്യ അവാർഡുകൾക്കായി നിർദ്ദേശിക്കുന്ന പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ കെ.ആർ.എൽ.സി.സി. ഓഫീസിൽ എത്തിക്കേണ്ട ഉത്തരവാദിത്വം നിർദ്ദേശകർക്കായിരിക്കും. നാമനിർദ്ദേശപത്രികയും കൂടുതൽ വിവരങ്ങളും www.krlcc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മുമ്പ് കെ.ആർ.എൽ.സി.സി. അവാർഡുകൾ ലഭിച്ചവരുടെ പേരുകൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. അവരെ വീണ്ടും നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

