വത്തിക്കാൻ സിറ്റി: പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്ജുഗോറിയയുടെ പുതിയ അപ്പസ്തോലിക വിസിറ്റേറ്ററായി ഇറ്റലിയിലെ കാർപി രൂപതയുടെ മുൻ മെത്രാനായ മോൺ. ഫ്രാൻചെസ്കോ കാവിനയെ ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു. നിലവിലെ അപ്പസ്തോലിക വിസിറ്റേറ്റർ ആർച്ച് ബിഷപ് ആൽദോ കവാല്ലി സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പുതിയ നിയമനം.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദശലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന പ്രധാന മരിയൻ പ്രാർത്ഥനാകേന്ദ്രമായി മെഡ്ജുഗോറിയ വളർന്നിട്ടുണ്ട്. തീർത്ഥാടനകേന്ദ്രത്തിന്റെ അജപാലനപരമായ പ്രവർത്തനങ്ങൾക്കും വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്കും നേതൃത്വം നൽകുന്നതാണ് അപ്പസ്തോലിക വിസിറ്റേറ്ററുടെ പ്രധാന ദൗത്യം.
