മുംബൈ: ഫാത്തിമാ മാതാവിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ അതിരൂപതയിലും വസൈ രൂപതയിലും തിരുസ്വരൂപ പ്രയാണം സംഘടിപ്പിച്ചു. 15 ദിവസം നീണ്ട തീർത്ഥാടനത്തിൽ ഫാത്തിമായിലെ ഇടയക്കുട്ടികളായ വിശുദ്ധ ഫ്രാൻസിസ്കോയുടെയും വിശുദ്ധ ജസീന്ത മാർട്ടോയുടെയും തിരുശേഷിപ്പുകളും ഉൾപ്പെടുത്തിയിരുന്നു.
ഒക്ടോബർ 17-ന് മുംബൈ വിമാനത്താവളത്തിൽ തിരുസ്വരൂപവും തിരുശേഷിപ്പുകളും എത്തിച്ചതോടെയാണ് തീർത്ഥാടന പരിപാടികൾക്ക് തുടക്കമായത്. വിവിധ ദൈവാലയങ്ങളിലായി വിശുദ്ധ കുർബാന, പ്രദക്ഷിണം, ജപമാല പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന, ജാഗരണ പ്രാർത്ഥനകൾ എന്നിവ നടന്നു. തീർത്ഥാടനത്തിന്റെ ഭാഗമായി തിരുസ്വരൂപവും തിരുശേഷിപ്പുകളും പിന്നീട് ഗോവയിലേക്കും കൊണ്ടുപോയി.
മുംബൈ അതിരൂപതയുടെ നേതൃത്വത്തിൽ വേൾഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമയുടെയും വിവിധ മരിയൻ സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രയാണം ഏകോപിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നടന്ന ആത്മീയ ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. ഫാത്തിമാ മാതാവിന്റെ സന്ദേശമായ പ്രാർത്ഥനയുടെയും മാനസാന്തരത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യം വിശ്വാസികളിലേക്ക് എത്തിക്കുകയായിരുന്നു തീർത്ഥാടനത്തിന്റെ ലക്ഷ്യം.

