വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻസിന്റെ ആദ്യ അൽമായ പ്രീഫെക്ടായ ഡോ. പൗളോ റുഫീനി എട്ടുവർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. ഒക്ടോബർ 30-ന് ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിച്ച അദ്ദേഹത്തിന് സഹപ്രവർത്തകർ ഊഷ്മളമായ യാത്രയയപ്പ് നൽകി.
2018-ൽ ഫ്രാൻസിസ് പാപ്പയാണ് റോമൻ കൂരിയയിലെ സുപ്രധാനമായ ഈ പദവിയിലേക്ക് ആദ്യമായി ഒരു അൽമായനെ നിയമിച്ചത്. കർദിനാൾമാരും മെത്രാന്മാരും നേതൃത്വം നൽകിയിരുന്ന വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ തലപ്പത്ത് ഒരു അൽമായൻ എത്തിയെന്ന നിലയിൽ നിയമനം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. വത്തിക്കാന്റെ മാധ്യമ സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും ആധുനികവത്കരിക്കുകയും ചെയ്തതിൽ റുഫീനി നിർണായക പങ്കുവഹിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് 58 ഭാഷകളിലൂടെ സുവിശേഷ സന്ദേശവും സഭയുടെ വാർത്തകളും എത്തിക്കുന്ന മാധ്യമസംവിധാനത്തിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. സേവനകാലയളവിൽ ലഭിച്ച പിന്തുണയ്ക്കും സഹകരണത്തിനും സഹപ്രവർത്തകരോട് നന്ദി അറിയിച്ചാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളിൽനിന്ന് വിടവാങ്ങിയത്. വത്തിക്കാന്റെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ച വ്യക്തിയെന്ന നിലയിൽ റുഫീനിയുടെ സേവനം ശ്രദ്ധേയമാണ്.

