എഫ്സിആർഎ ഭേദഗതിയിൽ ക്രൈസ്തവ സംഘടനകളുടെ ആശങ്കകൾ പരിശോധിക്കും
ഷില്ലോങ്: രാജ്യത്ത് വിദേശ സംഭാവനയായി ലഭിച്ച 22,000 കോടി രൂപയിൽ ആറു ശതമാനം മാത്രമാണ് പള്ളികൾ ഉൾപ്പെടെയുള്ള വിശ്വാസി കൂട്ടായ്മകൾക്ക് ലഭിച്ചതെന്ന് എഫ്സിആർഎ സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ. വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമിതിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ വിദേശ സംഭാവനകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ അഭ്യർഥനയെ തുടർന്ന് ഷില്ലോങ്ങിൽ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മേഘാലയയിലെ ക്രൈസ്തവ, ഹിന്ദു സംഘടനകളിൽനിന്നുള്ള ഇരുപതോളം പ്രതിനിധികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും സമിതി വിവിധ സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടും.
എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷങ്ങളെയും സന്നദ്ധസംഘടനകളെയും ലക്ഷ്യമിട്ടുള്ളതാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് സമിതിയുടെ കൂടിയാലോചനകൾ. കഴിഞ്ഞ ഓഗസ്റ്റ് 12-നാണ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കായി കേന്ദ്രം കൈമാറിയത്. ഭേദഗതികൾ ക്രൈസ്തവ സന്നദ്ധസംഘടനകളെയും ന്യൂനപക്ഷങ്ങളുടെ നിയന്ത്രണത്തിലുള്ള സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വിവിധ സംഘടനകൾ ഉയർത്തിയിട്ടുണ്ട്.

