മുതിയാവിള: സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ച് മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന ദൈവാലയത്തിൽ പ്രത്യേക പ്രാർത്ഥനകളും അനുസ്മരണ ശുശ്രൂഷകളും നടത്തി. പരേതരായ വിശ്വാസികളെ അനുസ്മരിച്ചും അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചും നിരവധി ഇടവകാംഗങ്ങൾ ശുശ്രൂഷകളിൽ പങ്കുചേർന്നു.
രാവിലെ ഏഴിന് പരേതർക്കുവേണ്ടിയുള്ള വിശുദ്ധ ദിവ്യബലി നടന്നു. തുടർന്ന് പള്ളി സെമിത്തേരിയിൽ കല്ലറകളിൽ അനുസ്മരണ പ്രാർത്ഥന നടത്തി. ഇടവക അജപാലന സമിതിയുടെ നേതൃത്വത്തിൽ സെമിത്തേരി ശുചീകരിക്കുകയും കല്ലറകൾ അലങ്കരിക്കുകയും ചെയ്തു. പരേതരായ ഇടവകാംഗങ്ങളുടെ ചിത്രങ്ങൾ ദൈവാലയത്തിലെ അൾത്താരയ്ക്കു മുന്നിൽ ആദരപൂർവം സ്ഥാപിച്ച് അനുസ്മരിച്ചു. ഫാ. സ്റ്റാൻലിരാജ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.
മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും നിത്യജീവനിലുള്ള ക്രൈസ്തവ പ്രത്യാശയുടെ വെളിച്ചത്തിൽ വിശ്വാസത്തിൽ മരണമടഞ്ഞവരെ ഓർക്കേണ്ടതിന്റെ പ്രാധാന്യവും തിരുനാൾ ആചരണം വിശ്വാസികൾക്ക് പകർന്നു നൽകി.

