കൊല്ലം: കുളച്ചൽ, മുട്ടം തീരപ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ.
ചവറ കെ.എം.എം.എൽ. ഗസ്റ്റ് ഹൗസിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പുനൽകിയത്.ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച മത്സ്യബന്ധന ബോട്ടുകൾക്കും ദുരിതമനുഭവിച്ച തൊഴിലാളികൾക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ പരിശോധിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കാൻ ജില്ലാ കളക്ടർ കന്യാകുമാരി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കും.
നിയമം കൈയിലെടുക്കുന്ന പ്രവണത അനുവദിക്കില്ലെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് അനുവദിക്കില്ലെന്നും ഇത് തടയുന്നതിനായി സമഗ്രമായ നിയമപരിഷ്കരണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മറൈൻ ഇൻസ്പെക്ടർ എസ്. അരുൺ, എസ്.ഐ. ഷിഹാസ്, ചവറ സി.ഐ. ശിവലാൽ, കൗൺസിലർമാർ, മത്സ്യമേഖലയിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

