കൊല്ലം: കൊല്ലം രൂപതയുടെ സപ്തതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെയിന്റ്സ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 700 വിശുദ്ധരുടെ മഹാസംഗമവും റാലിയും സംഘടിപ്പിച്ചു. സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ നടന്ന പരിപാടിയിൽ രൂപതയിലെ വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിന് കുട്ടികളും യുവജനങ്ങളും മുതിർന്നവരും വിശുദ്ധരുടെ വേഷമണിഞ്ഞ് പങ്കെടുത്തു.
കൊല്ലം ബിഷപ്സ് ഹൗസ് അങ്കണത്തിൽനിന്ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിലേക്ക് നടന്ന റാലി വിശ്വാസത്തിന്റെ വർണാഭമായ സാക്ഷ്യമായി. വിശുദ്ധ കാർലോ അക്യുട്ടിസിന്റെ അസ്സീസിയിൽനിന്ന് കൊണ്ടുവന്ന തിരുശേഷിപ്പുമായി രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയനും റാലിയിൽ അണിചേർന്നു.കത്തീഡ്രലിൽ റാലിക്ക് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി സ്വീകരണം നൽകി. തുടർന്ന് നടന്ന തിരുനാൾ ദിവ്യബലിക്ക് അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധരുടെ ജീവിതമാതൃക അനുകരിച്ച് വിശുദ്ധിയിലേക്ക് വളരാൻ ഓരോ വിശ്വാസിയും പരിശ്രമിക്കണമെന്ന് ബിഷപ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

വിശുദ്ധ അഗസ്തീനോസിന്റെ ‘അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ?’ എന്ന വാക്കുകൾ വിശുദ്ധിയിലേക്കുള്ള ഓരോരുത്തരുടെയും വിളി ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ, ചാൻസലർ ഫാ. ജെറി ഐസക്, കത്തീഡ്രൽ വികാരി ഫാ. ക്രിസ്റ്റഫർ ഹെൻറി, മതബോധന ഡയറക്ടർ ഫാ. ലിൻസൻ ആറാടൻ തുടങ്ങിയവർ ദിവ്യബലിയിൽ സഹകാർമികരായി. സെയിന്റ്സ് ഫാൻസ് അസോസിയേഷൻ രൂപത ഡയറക്ടർ ഫാ. ജെറിൻ ആന്റോ വർഗീസ് റാലിക്ക് നേതൃത്വം നൽകി. രൂപത പ്രൊകുറേറ്റർ ഫാ. ജോളി ഏബ്രഹാം, പി.ആർ.ഒ ഫാ. ലാസർ എസ്. പട്ടകടവ്, ഫാ. ജോൺ പോൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

