വത്തിക്കാൻ: സാങ്കേതികവിദ്യയുടെ അമിതമായ സ്വാധീനംമൂലം മനുഷ്യർക്കിടയിൽ വർധിച്ചുവരുന്ന അകലം കുറയ്ക്കാനും സാഹോദര്യവും ഐക്യദാർഢ്യവും വളർത്താനും കായികരംഗത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് ലെയോ പതിനാലാമൻ പാപ്പാ. റോമിലേക്ക് തീർത്ഥാടനത്തിനെത്തിയ വില്ലനോവ, നോത്ര ദം സർവകലാശാലകളിലെ അംഗങ്ങളുമായി ഒക്ടോബർ 31-ന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.ഇരു സർവകലാശാലകളിലെയും ടീമുകൾ തമ്മിൽ നടക്കാനിരിക്കുന്ന ബാസ്കറ്റ്ബോൾ മത്സരങ്ങളെ പരാമർശിച്ച പാപ്പാ, കായികമത്സരങ്ങൾ കേവലം വിജയവും പരാജയവും നിർണയിക്കുന്ന വേദികളല്ലെന്നും പരസ്പര സഹകരണത്തിന്റെയും പങ്കുവയ്ക്കലിന്റെയും മൂല്യങ്ങൾ വളർത്തുന്ന അവസരങ്ങളാണെന്നും പറഞ്ഞു.
സാഹോദര്യം, ഐക്യദാർഢ്യം, സമാധാനം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കായികരംഗത്തിന് സാർവത്രികമായ പ്രാധാന്യമുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ മനുഷ്യരെ തമ്മിൽ അകറ്റുന്ന ഇന്നത്തെ സാഹചര്യത്തിൽ, ആളുകളെ ഒരുമിച്ചുചേർക്കാനും പരസ്പരബന്ധങ്ങൾ ശക്തിപ്പെടുത്താനും കായിക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മത്സരങ്ങളിൽ ആവേശവും വിജയിക്കാനുള്ള ആഗ്രഹവും സ്വാഭാവികമാണെങ്കിലും എതിർടീമിലെ അംഗങ്ങളെ ശത്രുക്കളായി കാണരുതെന്ന് പാപ്പാ പറഞ്ഞു. മത്സരത്തിന്റെ അതിരുകൾക്കപ്പുറം പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തേണ്ടത് പ്രധാനമാണ്.സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചുള്ള സന്ദർശനത്തിന്റെ പ്രാധാന്യം അനുസ്മരിച്ച പാപ്പാ, എല്ലാവരും വിശുദ്ധരാകാൻ ദൈവം വിളിക്കപ്പെട്ടവരാണെന്നും ഓർമിപ്പിച്ചു.

