കൊച്ചി: 2027ൽ രാജ്യത്ത് നടത്തുന്ന സെൻസസിൽ കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളിൽ ഉൾപ്പെട്ട സമുദായങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി).
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സെൻസസ് കമ്മീഷണർക്ക് കൗൺസിൽ നിവേദനം നൽകി.ഒരേ സമുദായത്തിന്റെ പേര് വ്യത്യസ്ത രീതികളിൽ രേഖപ്പെടുത്തുന്നത് സെൻസസ് വിവരങ്ങളുടെ ഏകീകൃതതയെയും കൃത്യതയെയും ബാധിക്കുമെന്ന് കെആർഎൽസിസി വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ കൺവീനറുമായ ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറയും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.സെൻസസ് ചോദ്യാവലിയിൽ ജാതിയോ സമുദായമോ രേഖപ്പെടുത്തുന്നതിന് പൊതുവായ ഒരു കോളം മാത്രം നൽകുന്നതിനു പകരം, ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത സമുദായപ്പട്ടികകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള മാർഗനിർദേശങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും ഏർപ്പെടുത്തണം. പട്ടികയിൽ ഉൾപ്പെടാത്തതോ പേരുകളിൽ അവ്യക്തതയുള്ളതോ ആയ സമുദായങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവും ഉറപ്പാക്കണം.കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ച ഔദ്യോഗിക നാമകരണങ്ങൾ സെൻസസ് രേഖകളിൽ കൃത്യമായി ഉൾപ്പെടുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ഇതിനായി സംസ്ഥാന സർക്കാരുമായും പിന്നാക്കവിഭാഗങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട വകുപ്പുകളുമായും സമുദായ സംഘടനകളുമായും കൂടിയാലോചന നടത്തണമെന്നും നിവേദനത്തിൽ നിർദേശിച്ചു.

