വത്തിക്കാൻ സിറ്റി : ദുരന്തവും, അത്ഭുതവും എന്ന പേരിൽ, വത്തിക്കാൻ ലൈബ്രറിയിൽ ഓരോ അഞ്ചുവർഷവും കൂടുമ്പോൾ നടത്തുന്ന പ്രദർശന പരമ്പരഉദ്ഘാടനം ചെയ്തു ലെയോ പതിനാലാമൻ പാപ്പ.
തന്റെ അമ്മയും, ഒരു ഗ്രന്ഥശാലാധികാരി ആയിരുന്നുവെന്നും , വത്തിക്കാൻ അപ്പസ്തോലിക പുരാശേഖരത്തിന്റെയും, അപ്പസ്തോലിക ലൈബ്രറിയുടെയും പ്രാധാന്യവും പാപ്പ ഉദ്ഘാടന വേളയിൽ പ്രത്യേകം അനുസ്മരിച്ചു.
പുസ്തകങ്ങൾ നിശബ്ദവും നിശബ്ദത ആവശ്യപ്പെടുന്നതുമാണെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, ഒരു വശത്ത് പുസ്തകം സമാധാനപരമാണെങ്കിൽ, മറുവശത്ത് അത് അസ്വസ്ഥത ജനിപ്പിക്കുന്നുവെന്നും, അത് അന്വേഷണത്തിന്റെ ത്വര നമ്മിൽ ഉണ്ടാക്കുന്നുവെന്നും, വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.
അപ്പസ്തോലിക ലൈബ്രറിയുടെ ആന്തരികത, അത് സംരക്ഷിക്കുന്ന അതുല്യവും അമൂല്യവുമായ നിധിയെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിനാൽ ഡിജിറ്റൽ പരിതസ്ഥിതി വാഗ്ദാനം ചെയ്യുന്ന വികസനങ്ങൾ ആവശ്യമായിരിക്കെ തന്നെ, ഭൗതികമായ യാഥാർഥ്യമായി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
വ്യാവസായിക വിപ്ലവം മൂലമുണ്ടായ മാറ്റങ്ങളുടെ സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള പണ്ഡിതന്മാർക്ക്, വത്തിക്കാൻ ഗ്രന്ഥശേഖരത്തിലേക്കു അനുവാദം നൽകിയ പാപ്പായെന്ന നിലയിൽ ലെയോ പതിമൂന്നാമൻ പാപ്പാ, മഹത്തായ സാംസ്കാരിക പരിവർത്തനങ്ങളുടെ വക്താവായിരുന്നുവെന്നു പാപ്പാ അനുസ്മരിച്ചു.

