വത്തിക്കാൻ സിറ്റി : കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വത്തിക്കാനിലെ കർദിനാൾമാർക്കും മറ്റ് ജീവനക്കാർക്കും ഏർപ്പെടുത്തിയിരുന്ന ശമ്പളവെട്ടിക്കുറവ് ലെയോ പതിനാലാമൻ പാപ്പ പിൻവലിച്ചു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2021 മാർച്ചിൽ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ‘ഉൻ ഫുത്തൂറോ സൊസ്തേനിബിലെ’ (ഒരു സുസ്ഥിര ഭാവി) എന്ന മോത്തു പ്രോപ്രിയോയിലൂടെയാണ് ശമ്പളത്തിൽ കുറവ് വരുത്തിയത്.
വത്തിക്കാൻ കൂരിയയിലെ കർദിനാൾമാരുടെ ശമ്പളത്തിൽ 10 ശതമാനവും ഡികാസ്റ്ററികളുടെ തലവന്മാർക്കും സെക്രട്ടറിമാർക്കും 8 ശതമാനവും മറ്റ് വൈദികർക്കും സന്യാസസമൂഹങ്ങളിലെ അംഗങ്ങൾക്കും 3 ശതമാനവുമായിരുന്നു കുറവ് വരുത്തിയിരുന്നത്. പുതിയ ഉത്തരവോടെ ഈ ശമ്പളവെട്ടിക്കുറവ് അവസാനിക്കും.എന്നാൽ ശമ്പളവെട്ടിക്കുറവ് നിലവിലുണ്ടായിരുന്ന കാലയളവിൽ സ്വീകരിച്ച നടപടികൾക്ക് മാറ്റമുണ്ടാകില്ല. അന്നത്തെ അടിയന്തര സാമ്പത്തിക സാഹചര്യത്തിൽ അല്മായ ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനും വത്തിക്കാന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമായിരുന്നു ഫ്രാൻസിസ് പാപ്പ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചത്.
കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ അടിയന്തര സാഹചര്യം മാറിയ സാഹചര്യത്തിൽ, മറ്റ് മാർഗങ്ങളിലൂടെ വത്തിക്കാന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശമ്പളവെട്ടിക്കുറവ് പിൻവലിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

