ബ്യൂണസ് ഐറിസ്: ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ലെന്നും യഥാർഥവും ഉത്തരവാദിത്വമുള്ളതുമായ സംവാദത്തിലൂടെയാണ് സമാധാനത്തിലേക്ക് മുന്നേറാൻ കഴിയുകയെന്നും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്.
മുറിവേറ്റ ലോകത്തിന് സമാധാനത്തിന്റെയും പ്രത്യാശയുടെയും വാഹകരായി മാറാൻ എല്ലാ മതങ്ങളിലെയും നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സെപ്റ്റംബർ 14 വരെ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടക്കുന്ന “വൈവിധ്യത്തിലെ സംഭാഷണം, സാഹോദര്യത്തിലേക്കുള്ള ഒരു പങ്കിട്ട പാത” എന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കർദിനാൾ.വൈവിധ്യങ്ങൾക്കിടയിലെ സംവാദം സാഹോദര്യത്തിലേക്കുള്ള പങ്കിട്ട യാത്രയായി മാറണമെന്നും സമാധാനം സാക്ഷാത്കരിക്കുന്നതിനായി വിവിധ മതവിശ്വാസികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.യുദ്ധവും സംഘർഷവും അനിശ്ചിതത്വവും നിറഞ്ഞ ഇന്നത്തെ ലോകത്ത് പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം കൈവരിക്കാനാകില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തിൽ മുൻവിധികളും വിവേചനങ്ങളും മാറ്റിവച്ച് പരസ്പരം കേൾക്കാനും ബഹുമാനിക്കാനും തയ്യാറാകണം. വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും മറ്റുള്ളവരെ തുല്യ അവകാശങ്ങളുള്ള സഹോദരങ്ങളായി അംഗീകരിക്കുന്നതാണ് സമാധാനത്തിന്റെ അടിത്തറയെന്നും കർദിനാൾ കൂവക്കാട് വ്യക്തമാക്കി.

