ഇറാഖ് : ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ ബാഗ്ദേദയിൽ സംഘടിപ്പിച്ച ആറാമത് ‘ബാഗ്ദേദ യുവജന കലോത്സവത്തിൽ’ എഴുന്നൂറോളം ക്രൈസ്തവ യുവജനങ്ങൾ പങ്കെടുത്തു. ‘വിശുദ്ധ ഫ്രാൻസിസിന്റെ പാതയിൽ’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സംഗമം പ്രാർത്ഥന, ആത്മീയ ചിന്തകൾ, കലാപരിപാടികൾ എന്നിവകൊണ്ട് ശ്രദ്ധേയമായി.
സെപ്റ്റംബർ 12-ന് നടന്ന വിശ്വാസപ്രഘോഷണ റാലിയോടെയാണ് യുവജന സംഗമത്തിന് സമാപനമായത്. മൊസൂൾ സിറിയൻ കത്തോലിക്കാ രൂപതാധ്യക്ഷൻ ബെനഡിക്റ്റസ് യൂനാൻ ഹന്നോയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.മുൻ രൂപതാധ്യക്ഷന്മാർ, വൈദികർ, സന്ന്യസ്തർ എന്നിവരോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും യുവജനങ്ങളോടൊപ്പം റാലിയിൽ അണിനിരന്നു. ബാഗ്ദേദയിലെ ദൈവമാതാവിന്റെ ദേവാലയത്തിൽനിന്ന് ആരംഭിച്ച റാലി, പരമ്പരാഗത ഓശാന ഞായർ ശുശ്രൂഷാ പാതയിലൂടെ സെന്റ് ജോൺസ് ദേവാലയത്തിൽ സമാപിച്ചു.

