കോഴിക്കോട്: കോഴിക്കോട് അതിരൂപത മുൻ വികാരി ജനറലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ കോർപ്പറേറ്റ് മാനേജറുമായിരുന്ന റവ. ഡോ. തോമസ് പനക്കൽ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 1.20-ന് കോഴിക്കോട്ടാണ് അന്തരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ കോഴിക്കോട് ഭദ്രാസന ദേവാലയമായ മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ പൊതുദർശനം ഉണ്ടായിരിക്കും. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലിക്കലിന്റെ മുഖ്യകാർമികത്വത്തിൽ രൂപതാ മക്കൾ എല്ലാവരും ചേർന്ന് ദിവ്യബലി അർപ്പിക്കും. ദിവ്യബലിക്ക് ശേഷം രാത്രി എട്ടു മണി വരെ കത്തീഡ്രലിൽ പൊതുദർശനം തുടരും.
തുടർന്ന് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം അനുസരിച്ച് ഭൗതികദേഹം സ്വന്തം ഇടവകയായ കൊച്ചി കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് ഫെറോന പള്ളിയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ഏഴു മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ അവിടെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് 4 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സംസ്കാര ശുശ്രൂഷകൾക്കും ശേഷം സംസ്കരിക്കും.
1946 ഏപ്രിൽ 16-ന് കൊച്ചിയിലെ ചെല്ലാനത്ത് ഗ്രിഗറി-ഇസബെല്ലമ്മ ദമ്പതികളുടെ മകനായാണ് ജനനം. ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂൾ, ധാർവാർ യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തൃശ്ശിനാപ്പള്ളി സെമിനാരിയിൽ നിന്ന് ഫിലോസഫിയിലും മംഗലാപുരത്ത് നിന്ന് തിയോളജിയിലും പരിശീലനം പൂർത്തിയാക്കി. ബി.എ, ബി.പിഎച്ച്, ബി.ടിഎച്ച് ബിരുദങ്ങൾ നേടിയ അദ്ദേഹം റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും (D.D) കരസ്ഥമാക്കിയിട്ടുണ്ട്.
1976 മെയ് അഞ്ചിനാണ് വൈദിക പട്ടം സ്വീകരിച്ചത്. തൃക്കരിപ്പൂർ സെന്റ് പോൾസ് പള്ളിയിൽ സഹവികാരിയായാണ് ശുശ്രൂഷാ ജീവിതം ആരംഭിച്ചത്. തുടർന്ന് പയ്യന്നൂർ, ചെറുകുന്ന് സേക്രട്ട് ഹാർട്ട് ചർച്ച്, ചുണ്ടേൽ സെന്റ് ജൂഡ് ഷ്രൈൻ, പിലാത്തറ, കോഴിക്കോട് സെന്റ് ജോസഫ് ദേവാലയം, മദർ ഓഫ് ഗോഡ് കത്തീഡ്രൽ, മലപ്പുറം സെന്റ് ജോസഫ് പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 2012 മുതൽ 2021 വരെ കോഴിക്കോട് അതിരൂപത വികാരി ജനറലായിരുന്നു. 2013 മുതൽ 2020 വരെ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിച്ചു.
സഹോദരങ്ങൾ: കുട്ടപ്പു, സെലിൻ, ലാലി, എമിലി, കുഞ്ഞുപിള്ള.

