കൊച്ചി: ശ്രദ്ധേയമായ നിരവധി ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവും സംഗീതസംവിധായകനുമായ തലശേരി അതിരൂപതാംഗം ഫാ. ലൂയി മരിയദാസ് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ഓഗസ്റ്റ് 2-ന് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലായിരുന്നു എൻറോൾമെന്റ്.
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് ത്രിവത്സര എൽ.എൽ.ബി. ഫസ്റ്റ് ക്ലാസോടെ വിജയിച്ച ശേഷമാണ് ഫാ. മരിയദാസ് അഭിഭാഷക പട്ടം സ്വന്തമാക്കിയത്.ഇടവകാംഗമായ ഒരു അഭിഭാഷകന്റെ പ്രോത്സാഹനവും പിന്നീട് ശ്രദ്ധയിൽപ്പെട്ട നിയമപഠന പ്രവേശന വിജ്ഞാപനവുമാണ് നിയമരംഗത്തേക്ക് തിരിയാൻ പ്രചോദനമായതെന്ന് ഫാ. മരിയദാസ് പറയുന്നു.
‘അങ്ങേ തിരുമുറിവുകളിൽ എന്നെ മറയ്ക്കേണമേ…’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഫാ. ലൂയി മരിയദാസ് ഇതുവരെ നൂറിലധികം ക്രൈസ്തവ ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്.
എൻറോൾമെന്റ് ചടങ്ങിൽ മാതാവും സഹോദരങ്ങളും തലശേരി അതിരൂപതയെ പ്രതിനിധീകരിച്ച് ഫാ. ജോൺ പോൾ പൂവ്വത്താനിയും പങ്കെടുത്തു. തുടർന്ന് എറണാകുളം–അങ്കമാലി അതിരൂപതാ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് ആശീർവാദം സ്വീകരിച്ചു. എൽ.എൽ.എം. പ്രവേശന പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഫാ. ലൂയി മരിയദാസ് നിലവിൽ ബിരുദാനന്തര നിയമപഠനം തുടരുകയാണ്.

