കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കുമെതിരായ ഭീഷണി സംഭവങ്ങൾ വീണ്ടും ആശങ്ക ഉയർത്തുന്നു. ബരുയിപൂർ രൂപതയ്ക്ക് കീഴിലുള്ള നസാത്തിലെ സെന്റ് ക്ലാരറ്റ്സ് ക്ലാരറ്റ് പ്രേമലോയ് (സ്നേഹഭവനം) സ്ഥാപനത്തിലെ ചുമതലക്കാരനായ ഫാ. അനുജ് ഹെംബ്രോമിനോട് ഏഴ് ദിവസത്തിനകം സ്ഥലം വിട്ടില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഒരു സംഘം ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് 1-ന് കാവിവസ്ത്രം ധരിച്ച ഒരാളുടെ നേതൃത്വത്തിൽ എത്തിയ സംഘം, സ്ഥാപനം എന്തിനാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് ചോദ്യം ചെയ്യുകയും ഏഴ് ദിവസത്തിനകം പ്രദേശം വിട്ടില്ലെങ്കിൽ മിഷൻ കെട്ടിടം പുറത്തുനിന്ന് പൂട്ടിയിടുമെന്നും മുന്നറിയിപ്പ് നൽകുകയും ചെയ്തതായി വൈദികൻ അറിയിച്ചു. മടങ്ങുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങൾ പകർത്തിയതും ജീവനക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. “അമേരിക്കയിലേക്കോ ന്യൂസിലൻഡിലേക്കോ പോകൂ” എന്നിങ്ങനെയും സംഘം ആക്രോശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് ആരോപണം. പിന്നീട് സംസ്ഥാനത്തെ ക്രൈസ്തവ സംഘടനകളുടെ ഇടപെടലിനെ തുടർന്ന് സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമ ബംഗാളിൽ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഭീഷണികളും സമീപകാലത്ത് വർധിച്ചുവരുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുഭാഷ്ഗ്രാമിൽ നിർമ്മാണത്തിലായിരുന്ന ഒരു ക്രൈസ്തവ ദേവാലയത്തിന് നേരെ തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ദേവാലയത്തിലെ കുരിശ് തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് പിന്നാലെ ഒരു മാസം തികയും മുമ്പാണ് നസാത്തിൽ വൈദികനെ നേരിട്ട് ഭീഷണിപ്പെടുത്തിയ പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

