സഭയിലും സമൂഹത്തിലും ഫ്രാന്‍സിസ് പാപ്പ ചെലുത്തിയ അജപാലനപരവും രാഷ്ട്രീയവും ആത്മീയവും പരിസ്ഥിതിപരവുമായ സ്വാധീനത്തെക്കുറിച്ച് 21 എഴുത്തുകാര്‍ തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
അര്‍ജന്റീന: ഫാന്‍സിസ് പാപ്പയുടെ അജപാലനപരവും ആത്മീയവും സാമൂഹികവുമായ പൈതൃകം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ‘ലെഗാഡോ ഡി ഫ്രാന്‍സിസ്കോ എ ലാ ഇഗ്ലേഷ്യ വൈ എ ലാ വിഡ റിലിജിയോസ’ (സഭയ്ക്കും സന്ന്യാസ ജീവിതത്തിനും ഫ്രാന്‍സിസ് നല്കിയ പൈതൃകം) എന്ന പുസ്തകം ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാക്കി. ലാറ്റിന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും സന്ന്യാസിമാരും എഴുതിയ ലേഖനങ്ങളാണ് ഇതിലുള്ളത്. ആമസോണിയയെക്കുറിച്ചുള്ള ഒരു പോര്‍ച്ചുഗീസ് ലേഖനം ഒഴികെ പുസ്തകം പൂര്‍ണ്ണമായും സ്പാനിഷ് ഭാഷയിലാണ്.
2025 ഏപ്രില്‍ 21-ന് 88-ാം വയസ്സില്‍ അന്തരിച്ച അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് പാപ്പയുടെ ഒന്നാം ചരമവാര്‍ഷികത്തിന് തൊട്ടുപിന്നാലെ, ഏപ്രില്‍ 26-ന് നടന്ന ആഗോള ദൈവവിളി പ്രാര്‍ഥനാ ദിനത്തോടനുബന്ധിച്ചാണ് ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് മെന്‍ ആന്റ് വുമണ്‍ റിലീജിയസ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്.
സഭയിലും സമൂഹത്തിലും പാപ്പ പതിപ്പിച്ച മുദ്രകളെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളാണ് ഈ ഗ്രന്ഥം മുന്നോട്ട് വെക്കുന്നതെന്ന് സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ഇസ്രായേല്‍ അരേവാലോ മുനോസ് ആമുഖത്തില്‍ വ്യക്തമാക്കുന്നു. പുസ്തകത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ആത്മീയതയും പുതിയ മാനവികതയും, ദൈവശാസ്ത്ര-അജപാലന മേഖലകള്‍, സന്ന്യാസ ജീവിതത്തിന് ഫ്രാന്‍സിസ് നല്കിയ വെല്ലുവിളികള്‍, ലോകത്തിന്റെ സാമൂഹിക-പരിസ്ഥിതി, രാഷ്ട്രീയ വെല്ലുവിളികളും ഫ്രാന്‍സിസും.
അല്മായര്, സന്ന്യാസിനികള്‍, മിഷനറീസ് ഓഫ് ദി ഹോളി സ്പിരിറ്റ്, ഈശോസഭ, ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്സ് തുടങ്ങിയ സഭകളില്‍ നിന്നുള്ള വൈദികര്‍ ഉള്‍പ്പെടെ 21 പേര് ഇതില്‍ സഹകരിച്ചിട്ടുണ്ട്. പാപ്പയുടെ ‘ആത്മീയ പുത്രന്’ എന്ന് അറിയപ്പെടുന്ന അര്‍ജന്റീനയിലെ കോര്‍ഡോബ ആര്‍ച്ച്ബിഷപ് ജെസ്യൂട്ട് കര്‍ദിനാള്‍ ആഞ്ചല്‍ റോസിയാണ് അവതാരിക എഴുതിയിരിക്കുന്നത്.
പ്രാര്‍ഥനയിലും പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതിലും അധിഷ്ഠിതമായ നേതൃത്വമായിരുന്നു പാപ്പയുടേതെന്ന് ഫാ. അരേവാലോ കുറിക്കുന്നു. സുവിശേഷം വീണ്ടും സഭാജീവിതത്തിന്റെ കേന്ദ്രബിന്ദുവാകണമെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു. സുതാര്യതയും സഹഭരണവും അജപാലനപരമായ പരിവര്‍ത്തനവും അടിസ്ഥാനമാക്കിയുള്ള ആഴത്തിലുള്ള സഭാ പരിഷ്കരണത്തിന് അദ്ദേഹം മുന്‍കൈ എടുത്തു.
അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണ ശൈലി ലാളിത്യം, സേവനം, ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പ്രതിബദ്ധത എന്നിവയാല്‍ വേറിട്ടുനില്ക്കുന്നു. കരുണയുള്ളവരും, പ്രേഷിതരും, സാമൂഹികവും സാമ്പത്തികവുമായ അതിര്‍വരമ്പുകളില്‍ വസിക്കുന്നവര്‍ക്കിടയില്‍ സാന്നിധ്യമാകുന്നവരുമായ ഒരു സഭയെയാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്.
പ്രവചനപരമായ നേതൃത്വം കാഴ്ചവെക്കാനും, വൈവിധ്യങ്ങളെ ബഹുമാനിച്ചുകൊണ്ട് സംവാദത്തിന്റെയും ഒത്തുചേരലിന്റെയും സംസ്കാരം വളര്‍ത്താനും ഈ പുസ്തകം കത്തോലിക്കരെ പ്രചോദിപ്പിക്കുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു.

