ചെന്നൈ : ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവന്റെയും പവിത്രതയും അന്തസ്സും സംരക്ഷിക്കണമെന്ന സന്ദേശവുമായി ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ ഓഗസ്റ്റ് 8, 9 തീയതികളിൽ ചെന്നൈയിൽ നടക്കും. കരുണയിലും നീതിയിലും അധിഷ്ഠിതമായ ജീവൻ അനുകൂല സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ സമ്മേളനമാണിത്.
മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ ചെന്നൈയിലെ സ്റ്റെല്ല മാരീസ് കോളേജിലാണ് പരിപാടികൾ നടക്കുന്നത്.പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 8-ന് മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ നേതൃത്വത്തിൽ ‘റൺ ഫോർ ലൈഫ് 2026 – 5K’ മിനി മാരത്തൺ സംഘടിപ്പിക്കും. ചെന്നൈ നേപ്പിയർ ബ്രിഡ്ജിൽ നിന്ന് രാവിലെ 5.30-ന് ആരംഭിക്കുന്ന മാരത്തൺ ‘ജീവനോട് അതെ എന്ന് പറയൂ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് നടക്കുക.
മാരത്തണിന് ശേഷം ദിവ്യകാരുണ്യ ആരാധന, പ്രോ-ലൈഫ് പ്രദർശനത്തിന്റെ ഉദ്ഘാടനം, വൈകുന്നേരം കോളേജ് ക്യാമ്പസിൽ ജെറീക്കോ മാർച്ച് എന്നിവ നടക്കും.ഓഗസ്റ്റ് 9-ന് രാവിലെ 10-ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യുവജന സംഗമം നടക്കും. ഉച്ചകഴിഞ്ഞ് പൊതുസമ്മേളനവും തുടർന്ന് ജീവന്റെ സംരക്ഷണത്തിനായുള്ള പ്രോ-ലൈഫ് മാർച്ചും സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെയും വൈദികരുടെയും കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ സമ്മേളനം സമാപിക്കും.മനുഷ്യജീവന്റെ പവിത്രതയും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

