വത്തിക്കാൻ സിറ്റി : യുദ്ധത്തിന്റെയും അധികാരത്തിന്റെയും ചിന്താഗതികൾ ഉപേക്ഷിച്ച് സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മനോഭാവത്തിലേക്ക് ലോകം കടന്നുവരുമ്പോഴേ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂവെന്ന് മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ജോർജ് കൂവക്കാട്. സമാധാനം കൈവരിക്കാനുള്ള മാർഗം നിരായുധീകരണവും കൂട്ടായ പ്രാർത്ഥനയും സംവാദവും സഹകരണവുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
1986 ഒക്ടോബർ 27-ന് ഇറ്റലിയിലെ അസ്സീസിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നേതൃത്വത്തിൽ നടന്ന ലോകമത സമ്മേളനത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച്, സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുകയായിരുന്നു കർദ്ദിനാൾ. ഒക്ടോബർ 7-ന് റോമിലെ അന്തോണിയാനം സർവകലാശാലയിൽ നടന്ന സമ്മേളനത്തിൽ, അസ്സീസിയിലെ സമാധാനസംഗമത്തിന്റെ സന്ദേശവും ലിയോ പതിനാലാമൻ പാപ്പായുടെ മാഗ്നിഫിക്കാ ഹ്യുമാനിത്താസ് എന്ന ചാക്രികലേഖനത്തിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു.നിർമിതബുദ്ധിയെക്കുറിച്ചുള്ള ഒരു രേഖ എന്നതിലുപരി, ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയിൽ മനുഷ്യരുടെ അന്തസ്സും ആർക്കും നിഷേധിക്കാനാവാത്ത മൂല്യവും ഓർമിപ്പിക്കുന്ന ഉദ്ബോധനമായാണ് പാപ്പായുടെ ചാക്രികലേഖനത്തെ മനസ്സിലാക്കേണ്ടതെന്ന് കർദ്ദിനാൾ പറഞ്ഞു. യുദ്ധത്തെ അന്താരാഷ്ട്രനയത്തിന്റെ ഭാഗമായി കാണാൻ പ്രേരിപ്പിക്കുന്ന സമകാലിക സാഹചര്യങ്ങളെക്കുറിച്ചുള്ള പാപ്പായുടെ ആശങ്കയും അദ്ദേഹം പരാമർശിച്ചു.
അസ്സീസിയുടെ ചൈതന്യം കാലഘട്ടത്തിന്റെ ആവശ്യംഅസ്സീസിയുടെ ചൈതന്യം കേവലം ഒരു ചരിത്രസ്മരണയല്ലെന്നും ഇന്നത്തെ ലോകത്തിന് അനിവാര്യമായ സന്ദേശമാണെന്നും കർദ്ദിനാൾ കൂവക്കാട് വ്യക്തമാക്കി. യുദ്ധത്തോടുള്ള ക്രൈസ്തവ പ്രതികരണവും സമാധാനത്തിലേക്കുള്ള വഴിയും ഒരുമിച്ച് പ്രാർഥിക്കുകയും ഒരുമിച്ച് മുന്നേറുകയും ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്ന മാനവികതയുടെ സാക്ഷ്യത്തിലൂടെയാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യുദ്ധം അനിവാര്യമായ ഒന്നല്ലെന്നും സമാധാനം ആഗ്രഹിക്കുന്നവർ നിരായുധീകരണത്തിലൂടെയും കൂട്ടായ പ്രാർഥനയിലൂടെയും പരസ്പര സംവാദത്തിലൂടെയും സഹകരണത്തിലൂടെയും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മതങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പരബഹുമാനവും ലോകസമാധാനം ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.നാലു പതിറ്റാണ്ടുകൾക്കു മുമ്പ് ചേരിതിരിവുകളും മതങ്ങളുടെ പ്രസക്തിയെ ചോദ്യംചെയ്യുന്ന ചിന്താധാരകളും വിവിധ പ്രത്യയശാസ്ത്രങ്ങളും സമാധാനശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തിയിരുന്നുവെന്ന് അനുസ്മരിച്ച കർദ്ദിനാൾ, സമാനമായ വെല്ലുവിളികൾ ഇന്ന് നിർമിതബുദ്ധിയുടെയും അൽഗോരിതങ്ങളുടെയും തെറ്റായ സ്വാധീനത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഉയർന്നുവരുന്നതായും അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കിടയിലും മനുഷ്യന്റെ അന്തസ്സും സാഹോദര്യവും സംരക്ഷിക്കപ്പെടണമെന്നും മാനവികതയുടെ ഭാവി ഉറപ്പാക്കാൻ ലോകം സഹകരണത്തിന്റെയും സമാധാനത്തിന്റെയും പാത തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
