വത്തിക്കാൻ: കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകി. ഫിലിപ്പീൻസിലെ മനിലയിൽ ജനിച്ച കർദ്ദിനാൾ താഗ്ലെ നിലവിൽ സുവിശേഷ വത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിൽ പ്രഥമ സുവിശേഷ വത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കുമായുള്ള വിഭാഗത്തിന്റെ പ്രോ-പ്രീഫെക്ടായി സേവനമനുഷ്ഠിച്ചുവരികയാണ്.
2020 മുതൽ 2026 വരെ കർദ്ദിനാൾ സംഘത്തിന്റെ ഡീനായി സേവനമനുഷ്ഠിച്ചിരുന്ന കർദ്ദിനാൾ ജ്യോവന്നി ബത്തിസ്ത റേ സ്ഥാനത്തുനിന്ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. കർദ്ദിനാൾ സംഘത്തിന്റെ നേതൃത്വത്തിൽ പുതിയ ചുമതലയിലെത്തുന്ന താഗ്ലെ സഭയുടെ വിവിധ ശുശ്രൂഷകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്.

