കൊല്ലം: കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ലവ്ദാതോസി – ഭൂമിക്കൊരു കുടയുടെ ഭാഗമായി നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു. ബിഷപ്പ് ബെൻസിഗർ ആയുർവേദ ആശുപത്രിയും പഞ്ചാബ് നാഷണൽ ബാങ്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ശ്രേയസിൽ സംഘടിപ്പിച്ച പൊതുയോഗം ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. സഹജീവികൾക്ക് പ്രാണവായു പകരുന്നതിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയുടെ നിലനിൽപ്പിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷപ്പ് ബെൻസിഗർ ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലാസർ അധ്യക്ഷത വഹിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡ് എം. ജഗദീഷ് കുമാർ മുഖ്യാതിഥിയായിരുന്നു.

മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ. എസ്. പ്രിയ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, ബിഷപ്പ് ബെൻസിഗർ ആയുർവേദ ആശുപത്രിയിലെ ഡോ. ട്രിൻസി ഫെറിയ, തെറാപ്പിസ്റ്റ് മഹിത എന്നിവർ പ്രസംഗിച്ചു.ലവ്ദാതോസി ഗാർഡൻ – ഭൂമിക്കൊരു കുട എന്നു പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം എം. ജഗദീഷ് കുമാർ ഗാർഡനിൽ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.

