കൊല്ലം : ശക്തികുളങ്ങര സ്വദേശിയും ശക്തികുളങ്ങര റോമൻ കത്തോലിക്ക ഇടവകാംഗവുമായ റോബിൻ ടൈറ്റസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ബോംബെയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് (Ph.D.) നേടി.
“Fisheries Development, Migration and the Transformations in Community Life: A Study of a Latin Catholic Fisher Community in Kerala” എന്ന വിഷയത്തിലായിരുന്നു ഗവേഷണം. മത്സ്യമേഖലയിലെ വികസനവും ഗൾഫ് കുടിയേറ്റവും കേരളത്തിലെ ലത്തീൻ കത്തോലിക്ക മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ജീവിതത്തിലും കുടുംബഘടനയിലും സമൂഹബന്ധങ്ങളിലും സൃഷ്ടിച്ച മാറ്റങ്ങളാണ് പഠനവിഷയം. തീരദേശ സമൂഹങ്ങളുടെ സാമൂഹിക പരിവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും നയരൂപീകരണ പഠനങ്ങൾക്കും ഈ ഗവേഷണം ശ്രദ്ധേയമായ സംഭാവനയാണെന്ന് അക്കാദമിക രംഗം വിലയിരുത്തുന്നു.മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച റോബിൻ ടൈറ്റസ് കഠിനാധ്വാനവും അക്കാദമിക മികവും കൈമുതലാക്കിയാണ് രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി. ബോംബെയിൽ ഗവേഷണത്തിന് അവസരം നേടിയത്.
സ്വന്തം സമൂഹത്തിന്റെ ജീവിതാനുഭവങ്ങളെയും സാമൂഹിക മാറ്റങ്ങളെയും ആസ്പദമാക്കിയുള്ള പഠനം ദേശീയതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വിദ്യാർത്ഥി ജീവിതം മുതൽ നേതൃത്വമികവ് തെളിയിച്ച റോബിൻ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ 2004-ൽ സ്കൂൾ ലീഡറായും 2006-ൽ സ്കൂൾ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ കെ.സി.എസ്.എൽ സംസ്ഥാന ചെയർമാനായും പ്രവർത്തിച്ചു. കേരള സർവകലാശാല യുവജനോത്സവത്തിലെ പ്രസംഗ, വാദപ്രതിവാദ മത്സരങ്ങളിൽ ജേതാവായും ശ്രദ്ധേയനായി.
മത്സ്യത്തൊഴിലാളിയായ പിതാവ് ടൈറ്റസ് മാത്തായിയുടെയും മാതാവ് റേച്ചൽ ടൈറ്റസിന്റെയും പിന്തുണയും ത്യാഗവുമാണ് തന്റെ വിദ്യാഭ്യാസയാത്രയ്ക്ക് കരുത്തായതെന്ന് റോബിൻ പറയുന്നു. സഹോദരി ടിൻസി സ്റ്റാലിനും സഹോദരീഭർത്താവ് സ്റ്റാലിൻ സെബാസ്റ്റ്യനും നൽകിയ പിന്തുണയ്ക്കൊപ്പം, ഗവേഷണകാലത്ത് മാധ്യമപ്രവർത്തകയായ ഭാര്യ അനീഷാ ഉഷ ആന്റോ നൽകിയ പ്രോത്സാഹനവും സഹകരണവും നിർണായകമായിരുന്നു.മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന് സ്വന്തം സമൂഹത്തിന്റെ ജീവിതപരിവർത്തനങ്ങളെ ലോകോത്തര അക്കാദമിക വേദിയിൽ ഗവേഷണവിഷയമാക്കിയ റോബിൻ ടൈറ്റസിന്റെ നേട്ടം തീരദേശ സമൂഹത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്കും, പ്രത്യേകിച്ച് തീരദേശ വിദ്യാർഥികൾക്കും അദ്ദേഹത്തിന്റെ വിജയയാത്ര പ്രചോദനമാണെന്ന് സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖർ അഭിപ്രായപ്പെട്ടു.

