കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് സെപ്റ്റംബർ 18ന് പാലാരിവട്ടം പി.ഒ.സിയിൽ തുടക്കമാകും. സെപ്റ്റംബർ 18 മുതൽ 27 വരെയാണ് നാടകമേള നടക്കുന്നത്.സെപ്റ്റംബർ 18ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വഹിക്കും. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരിക്കും. പി.ഒ.സി. ഡയറക്ടർ ഫാ. തോമസ് തറയിൽ, തൃക്കാക്കര എംഎൽഎ ഉമ തോമസ്, കൊച്ചി എംഎൽഎ ഷിയാസ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിക്കും.ഉദ്ഘാടനച്ചടങ്ങിനു ശേഷം കൊച്ചി മിഡാക്കിന്റെ ‘അക്ഷയമന്ത്രം’ എന്ന നാടകം അരങ്ങേറും. സെപ്റ്റംബർ 19ന് വൈകിട്ട് ആറിന് മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’ എന്ന നാടകവും സെപ്റ്റംബർ 20ന് വൈകിട്ട് ആറിന് അമ്പലപ്പുഴ സാരഥിയുടെ ‘ഞാൻ അപ്രസക്തൻ’ എന്ന നാടകവും അരങ്ങിലെത്തും. നാടകമേളയിലെ പ്രവേശനം പാസ് മുഖേനയായിരിക്കും.

