വത്തിക്കാൻ സിറ്റി : ഡിജിറ്റൽ മാധ്യമങ്ങളിലെ സ്വാധീനം ക്രിസ്തീയ സാക്ഷ്യത്തിനും സുവിശേഷവൽക്കരണത്തിനുമുള്ള ശക്തമായ ഉപാധിയാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത് പ്രഥമ ഏഷ്യൻ കത്തോലിക്കാ ഡിജിറ്റൽ മിഷനറി അസംബ്ലി മനിലയിൽ സമാപിച്ചു. സെപ്റ്റംബർ 10 മുതൽ 13 വരെ നടന്ന സമ്മേളനത്തിൽ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കത്തോലിക്കാ ഡിജിറ്റൽ മിഷനറിമാരും കമ്മ്യൂണിക്കേറ്റർമാരും കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുത്തു.
‘സ്വാധീനിക്കുന്നവരിൽ നിന്ന് സാക്ഷികളിലേക്ക്: ഏഷ്യയിലെ ഡിജിറ്റൽ മിഷന് വേണ്ടിയുള്ള സിനഡൽ പാത’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഉള്ളടക്കം പങ്കുവയ്ക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ക്രിസ്തുവിന്റെ സന്ദേശത്തിന് ജീവിതത്തിലൂടെ സാക്ഷികളാകാനും മനുഷ്യരുമായുള്ള യഥാർത്ഥ ബന്ധങ്ങൾ വളർത്താനും സമ്മേളനം ആഹ്വാനം ചെയ്തു.ഡിജിറ്റൽ ലോകം ആളുകളെ ബന്ധിപ്പിക്കുന്നതിനൊപ്പം വിഭജനവും ഒറ്റപ്പെടലും വർധിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ കോപത്തിനും അവഹേളനത്തിനും പകരം മാന്യതയും സ്നേഹവും പ്രോത്സാഹിപ്പിക്കുകയും, വിഭജനങ്ങൾക്കിടയിൽ ‘പാലമായി മാറുന്ന’ ഡിജിറ്റൽ ശുശ്രൂഷ വളർത്തുകയും വേണമെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു.

