നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയത്തിന്റെ 121-ാമത് ഇടവക തിരുനാളിന് ഭക്തിനിർഭരമായ തുടക്കമായി. ഇടവക വികാരി റവ. ഫാ. സ്റ്റാൻലി രാജ് തിരുക്കൊടി ഉയർത്തിയതോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.
ആഗസ്റ്റ് 9-ന് നടക്കുന്ന ആഘോഷപൂർണമായ പൊന്തിഫിക്കൽ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും.തിരുനാളിനോടനുബന്ധിച്ച് ആഗസ്റ്റ് 1 മുതൽ 5 വരെ എല്ലാ ദിവസവും ഫാ. മേരി ജോൺ കപ്പൂച്ചിൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ദൈവാലയത്തിൽ നടക്കും. വിശ്വാസികളുടെ ആത്മീയ നവീകരണത്തിന് സഹായകമാകുന്ന ഈ ധ്യാനത്തിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
തിരുനാളിന്റെ ഭാഗമായി മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയ മീഡിയ കമ്മീഷന്റെ ലോഗോ പ്രകാശനവും ഔദ്യോഗിക ഉദ്ഘാടനവും നടന്നു. റവ. മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം നിർവഹിക്കുകയും മീഡിയ കമ്മീഷന്റെ ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.ആധുനിക മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സഭയുടെ സുവിശേഷ ദൗത്യം കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മീഡിയ കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുർബാന, നൊവേന, ജീവിത വിശുദ്ധീകരണ ധ്യാനം, വിവിധ ആത്മീയ ശുശ്രൂഷകൾ, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെടെ വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

