ബിജോ സില്‍വേരി
വിശ്വാസത്തിനായി ജീവന് സമര്‍പ്പിച്ച അപ്പസ്തോലിക പിതാവ്
ആദ്യകാല ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ വിശ്വാസത്തിന്റെ ആഴംകൊണ്ടും ധീരമായ സാക്ഷ്യംകൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്. അപ്പസ്തോലിക പിതാക്കന്മാരില് പ്രമുഖനായ അദ്ദേഹം സഭയുടെ ഐക്യം, മെത്രാന്റെ ഉത്തരവാദിത്വം, വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം, ക്രിസ്തുവിലുള്ള വിശ്വാസം തുടങ്ങിയ വിഷയങ്ങളില്‍ നല്കിയ ദൈവശാസ്ത്ര സംഭാവനകള്‍ ക്രൈസ്തവചിന്തയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. വിശ്വാസത്തിനുവേണ്ടി മരണത്തെപ്പോലും സന്തോഷത്തോടെ സ്വീകരിച്ച അദ്ദേഹത്തിന്റെ ജീവിതം ആദ്യകാല ക്രൈസ്തവരുടെ വിശ്വാസധീരതയുടെ ഉജ്വല സാക്ഷ്യമാണ്.എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സിറിയയിലെ അന്ത്യോക്യയില്‍ ജീവിച്ചിരുന്ന ഇഗ്നേഷ്യസ് പിന്നീട് അവിടത്തെ മെത്രാനായി നിയമിതനായി.
അന്ത്യോക്യയിലെ സഭയുടെ മൂന്നാമത്തെ മെത്രാനായിരുന്നുവെന്നാണ് പാരമ്പര്യം. അപ്പസ്തോലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു ഇഗ്നേഷ്യസ് എന്നും വിശുദ്ധ പോളിക്കാര്പ്പിനൊപ്പം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നുവെന്നും പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു.’ദൈവത്തെ വഹിക്കുന്നവന്’ എന്നര്‍ഥമുള്ള ‘തെയോഫോറസ്’ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. യേശുക്രിസ്തു കൈകളിലെടുത്ത് അനുഗ്രഹിച്ച കുട്ടികളില്‍ ഒരാളായിരുന്നു ഇഗ്നേഷ്യസ് എന്നൊരു പാരമ്പര്യവുമുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യകാലത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും, പിന്നീട് എഴുതിയ കത്തുകളിലൂടെ അദ്ദേഹത്തിന്റെ വിശ്വാസവും സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യക്തമായി മനസ്സിലാക്കാം. രക്തസാക്ഷിത്വത്തിലേക്കുള്ള യാത്രറോമന് ചക്രവര്‍ത്തിയായ ട്രാജന്റെ ഭരണകാലത്ത് ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ശക്തമായപ്പോള്‍ ഇഗ്നേഷ്യസും അധികാരികളുടെ പിടിയിലായി. ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. അന്ത്യോക്യയില്വച്ച് ശിക്ഷ നടപ്പാക്കുന്നതിനുപകരം റോമിലേക്കു കൊണ്ടുപോകാനായിരുന്നു അധികാരികളുടെ തീരുമാനം.പത്ത് റോമന്‍ സൈനികരുടെ കാവലില്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ യാത്ര. യാത്രയ്ക്കിടെ ഏഷ്യാമൈനറിലെ വിവിധ പ്രദേശങ്ങളില്‍ തങ്ങാന്‍ അവസരം ലഭിച്ചു. ഈ സന്ദര്‍ഭങ്ങളില്‍ അവിടത്തെ ക്രൈസ്തവസമൂഹങ്ങളുമായി അദ്ദേഹം ബന്ധപ്പെടുകയും സഭകള്‍ക്ക് കത്തുകള്‍ അയയ്ക്കുകയും ചെയ്തു. എഫേസോസ്, മഗ്നീഷ്യ, ട്രാല്ലിസ്, റോം, ഫിലദെല്‍ഫിയ, സ്മിര്‍ണ എന്നീ സഭകള്‍ക്കും സ്മിര്‍ണയിലെ മെത്രാനായിരുന്ന വിശുദ്ധ പോളിക്കാര്‍പ്പിനും അദ്ദേഹം കത്തുകളെഴുതി.ഈ ഏഴ് കത്തുകളാണ് ആദ്യകാല ക്രൈസ്തവ സാഹിത്യത്തിലെ അമൂല്യരേഖകളായി പരിഗണിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ ആഴം, സഭയുടെ ഐക്യം, മെത്രാന്മാരുടെ ഉത്തരവാദിത്വം, വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം, ക്രിസ്തുവിനോടുള്ള വിശ്വസ്തത തുടങ്ങിയ വിഷയങ്ങള്‍ അവയില്‍ അദ്ദേഹം വിശദീകരിക്കുന്നു.
റോമിലേക്കുള്ള യാത്രയ്ക്കിടെ ഇഗ്നേഷ്യസ് തന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് സന്തോഷത്തോടെയാണ് സംസാരിച്ചത്. ക്രിസ്തുവിനുവേണ്ടി മരിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ കത്തുകളില്‍ ആവര്‍ത്തിച്ചുവരുന്നു. തന്റെ മരണത്തെ ഒരു ശിക്ഷയായിട്ടല്ല, ക്രിസ്തുവിനോടുള്ള ഐക്യത്തിന്റെ പൂര്‍ത്തീകരണമായിട്ടാണ് അദ്ദേഹം കണ്ടത്.റോമിലെത്തിയ ഇഗ്നേഷ്യസിനെ വന്യമൃഗങ്ങള്‍ക്ക് ഇരയാക്കി വധിച്ചുവെന്നാണ് സഭാപാരമ്പര്യം. എ.ഡി. 108-ഓടെയായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് അന്ത്യോക്യയിലേക്കു കൊണ്ടുപോയതായും പില്ക്കാലത്ത് റോമിലെ വിശുദ്ധ ക്ലെമന്റ് ബസിലിക്കയിലേക്ക് മാറ്റിയതായും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.സഭയുടെ ഐക്യത്തെക്കുറിച്ചുള്ള ദര്ശനംആദ്യകാല സഭയുടെ ഘടനയെയും ഭരണ സംവിധാനത്തെയും കുറിച്ച് വ്യക്തമായ ദൈവശാസ്ത്ര ദര്‍ശനം അവതരിപ്പിച്ച വ്യക്തിയാണ് ഇഗ്നേഷ്യസ്. ഓരോ പ്രാദേശിക സഭയിലും മെത്രാനാണ് ആത്മീയ നേതൃത്വത്തിന്റെ കേന്ദ്രമെന്നും വൈദികരും ഡീക്കന്മാരും അദ്ദേഹത്തോടൊത്ത് സഭയുടെ ശുശ്രൂഷയില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പഠിപ്പിച്ചു.മെത്രാനോടും വൈദികരോടും ഡീക്കന്മാരോടുമുള്ള ഐക്യവും അനുസരണവും സഭയുടെ കൂട്ടായ്മയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സഭയുടെ ഐക്യം ക്രിസ്തുവിലുള്ള ഐക്യത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം.’കത്തോലിക്കാ സഭ’ എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ച ക്രൈസ്തവ എഴുത്തുകാരനെന്ന പ്രത്യേകതയും ഇഗ്നേഷ്യസിനുണ്ട്. സ്മിര്ണാക്കാര്ക്കുള്ള കത്തില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘യേശുക്രിസ്തു എവിടെയുണ്ടോ അവിടെയാണ് കത്തോലിക്കാ സഭ.’ ഇവിടെ കത്തോലിക്കാ എന്ന പദം സാര്‍വത്രികം എന്ന അര്‍ഥത്തിലാണ് അദ്ദേഹം ഉപയോഗിച്ചത്. സഭയുടെ സാര്‍വത്രിക സ്വഭാവത്തെക്കുറിച്ചുള്ള ആദ്യകാല സാക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.വിശുദ്ധ കുര്‍ബാന: അമര്‍ത്യതയുടെ ഔഷധംവിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ഇഗ്നേഷ്യസിന്റെ പഠനങ്ങള്‍ ആദ്യകാല സഭയുടെ വിശ്വാസജീവിതം മനസ്സിലാക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. വിശുദ്ധ കുര്‍ബാനയെ അദ്ദേഹം ‘അമര്‍ത്യതയുടെ ഔഷധം’ എന്നാണ് വിശേഷിപ്പിച്ചത്. ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നതിലൂടെ വിശ്വാസികള്‍ ക്രിസ്തുവിനോടു കൂടുതല്‍ ആഴത്തില്‍ ഐക്യപ്പെടുന്നുവെന്ന് അദ്ദേഹം പഠിപ്പിച്ചു. യേശുക്രിസ്തുവിന്റെ ദൈവത്വത്തിലും മനുഷ്യാവതാരത്തിലും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. മറിയത്തില്‍നിന്നു മനുഷ്യശരീരം സ്വീകരിച്ച ദൈവപുത്രനാണ് യേശുക്രിസ്തു എന്ന സത്യത്തിന് അദ്ദേഹം തന്റെ രചനകളില്‍ പ്രത്യേക പ്രാധാന്യം നല്കി. ക്രിസ്തു യഥാര്‍ഥത്തില്‍ മനുഷ്യനായി ജീവിക്കുകയും സഹിക്കുകയും മരിക്കുകയും ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്തുവെന്ന വിശ്വാസം അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചു.യഹൂദരുടെ സാബത്ത് ആചരണത്തില്‍നിന്ന് ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിക്കുന്ന കര്‍ത്താവിന്റെ ദിവസത്തിലേക്കുള്ള ക്രൈസ്തവ സമൂഹത്തിന്റെ മാറ്റത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ഞായറാഴ്ചയെ ക്രൈസ്തവരുടെ പ്രത്യേക ആരാധനാദിനമായി കാണുന്ന ആദ്യകാല സാക്ഷ്യങ്ങളില്‍ ഒന്നാണിത്.സഭയുടെ ശ്രേണീബദ്ധമായ സംവിധാനത്തിന് ചരിത്രസാക്ഷ്യംആദ്യകാല ക്രൈസ്തവസഭയുടെ ഭരണ സംവിധാനത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചരിത്രസാക്ഷ്യങ്ങളിലൊന്നാണ് വിശുദ്ധ ഇഗ്നേഷ്യസിന്റെ കത്തുകള്‍. മെത്രാന്, വൈദികസമിതി, ഡീക്കന്മാര് എന്നിങ്ങനെ വ്യക്തമായി വേര്‍തിരിക്കപ്പെട്ട മൂന്ന് ശുശ്രൂഷാസമൂഹങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നു. ഓരോ പ്രാദേശിക സഭയിലും ഒരു മെത്രാന് ആത്മീയനേതൃത്വം വഹിക്കുകയും വൈദികസമിതി അദ്ദേഹത്തോടൊപ്പം സഭയുടെ കാര്യങ്ങളില്‍ പങ്കുചേരുകയും ഡീക്കന്മാര് വിവിധ ശുശ്രൂഷകളില്‍ സഹായിക്കുകയും ചെയ്യുന്ന സംവിധാനത്തെക്കുറിച്ചുള്ള ആദ്യകാല വ്യക്തമായ രേഖാമൂലമുള്ള സാക്ഷ്യങ്ങളാണ് ഈ കത്തുകള്‍.മഗ്നീഷ്യക്കാര്ക്കുള്ള കത്തില്‍ മെത്രാന് ദൈവത്തിന്റെ പ്രതിനിധിയായും വൈദികര്‍ അപ്പസ്തോലന്മാരുടെ സമിതിയായും ഡീക്കന്മാര് യേശുക്രിസ്തുവിന്റെ ശുശ്രൂഷകരായും പ്രവര്‍ത്തിക്കണമെന്ന് ഇഗ്നേഷ്യസ് ഉദ്ബോധിപ്പിക്കുന്നു. ട്രാല്ലിയാക്കാര്ക്കുള്ള കത്തിലും ഈ മൂന്ന് ശുശ്രൂഷകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. ഇവ പരസ്പരം മത്സരിക്കുന്ന അധികാരകേന്ദ്രങ്ങളല്ലെന്നും ക്രിസ്തുവില്‍ ഒന്നായ സഭയുടെ ഐക്യത്തിനായി സഹകരിക്കേണ്ട ശുശ്രൂഷകളാണെന്നും അദ്ദേഹത്തിന്റെ രചനകള്‍ വ്യക്തമാക്കുന്നു. സ്മിര്ണാക്കാര്ക്കുള്ള കത്തില്‍, മെത്രാന്റെ നേതൃത്വത്തില്‍ സഭ ഒന്നായിരിക്കണമെന്നും അദ്ദേഹത്തിന്റെ അംഗീകാരത്തോടെയും സഭയുടെ ക്രമമനുസരിച്ചും ആരാധനാപരമായ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പഠിപ്പിക്കുന്നു. മെത്രാന്റെ സാന്നിധ്യവും നേതൃത്വവും സഭയുടെ ഐക്യത്തിന്റെയും വിശ്വാസപരമായ കൂട്ടായ്മയുടെയും ദൃശ്യമായ അടയാളമായി അദ്ദേഹം കാണുന്നു. വിശുദ്ധ കുര്‍ബാനയുടെ ആചരണത്തിലും സഭയുടെ പൊതുജീവിതത്തിലും ഈ ഐക്യത്തിന് അദ്ദേഹം പ്രത്യേക പ്രാധാന്യം നല്കുന്നു.
ഈ കത്തുകളുടെ ചരിത്രപ്രാധാന്യം അവയുടെ ദൈവശാസ്ത്രപരമായ ഉള്ളടക്കത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അപ്പസ്തോലികകാലത്തോടു തൊട്ടടുത്തുനിന്ന സഭയുടെ നേതൃത്വസംവിധാനം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ അവ വിലപ്പെട്ട വിവരങ്ങള്‍ നല്കുന്നു. മെത്രാന്, വൈദികര്‍, ഡീക്കന്മാര് എന്നീ ശുശ്രൂഷകള്‍ തമ്മിലുള്ള ബന്ധം, സഭയുടെ കൂട്ടായ്മ നിലനിര്‍ത്തുന്നതില്‍ അവയ്ക്കുള്ള പങ്ക്, ആരാധനയിലും വിശ്വാസസംരക്ഷണത്തിലും നേതൃത്വത്തിനുള്ള പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തലമുറകളിലേക്ക് കൈമാറുന്നതില്‍ ഈ രചനകള്‍ നിര്‍ണായകമായി. പില്ക്കാലത്ത് കത്തോലിക്കാസഭയില്‍ വ്യക്തമായി രൂപപ്പെട്ട മെത്രാന്, വൈദികന്, ഡീക്കന്‍ എന്ന ത്രിതല ശുശ്രൂഷാസംവിധാനത്തിന്റെ ആദ്യകാല ചരിത്രം പഠിക്കുമ്പോള്‍ ഇഗ്നേഷ്യസിന്റെ കത്തുകള്‍ക്ക് അതിനാല്‍ സവിശേഷ സ്ഥാനമുണ്ട്. ഈ സംവിധാനം അദ്ദേഹത്തിന്റെ കാലത്തുതന്നെ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ എത്രത്തോളം വ്യാപകമായിരുന്നു, അതിന്റെ എല്ലാ ഘടകങ്ങളും എപ്പോള്‍ പൂര്‍ണരൂപം പ്രാപിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചരിത്രപഠനത്തിലെ ചര്ച്ചാവിഷയങ്ങളാണെങ്കിലും, ഈ മൂന്ന് ശുശ്രൂഷകളെ വ്യക്തമായി വേര്‍തിരിച്ചും അവയുടെ പരസ്പരബന്ധം വിശദീകരിച്ചും അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ സാക്ഷ്യം അനിഷേധ്യമായ ചരിത്രപ്രാധാന്യമുള്ളതാണ്.
അപ്പസ്തോലിക പിതാക്കന്മാരിലെ പ്രമുഖന്വിശുദ്ധ ക്ലെമന്റ്, വിശുദ്ധ പോളിക്കാര്‍പ്പ് എന്നിവരോടൊപ്പം അപ്പസ്തോലിക പിതാക്കന്മാരില് പ്രമുഖനായാണ് ഇഗ്നേഷ്യസ് പരിഗണിക്കപ്പെടുന്നത്. അപ്പസ്തോലന്മാരുടെ കാലത്തോടു ചേര്‍ന്നുനിന്ന ആദ്യകാല സഭയുടെ വിശ്വാസവും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ ഈ പിതാക്കന്മാര് നിര്‍ണായക പങ്കുവഹിച്ചു. ഇഗ്നേഷ്യസിന്റെ ഏഴ് കത്തുകളും ആദ്യകാല സഭയുടെ ചരിത്രം, ആരാധനാക്രമം, സഭാഭരണം, ദൈവശാസ്ത്രം എന്നിവ പഠിക്കുന്നവര്‍ക്ക് വിലപ്പെട്ട സ്രോതസ്സുകളാണ്. അദ്ദേഹത്തിന്റെ കത്തുകളുടെ ആധികാരികതയെക്കുറിച്ച് പണ്ഡിതന്മാര്ക്കിടയില് ചില കാലങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഏഴ് കത്തുകളെ പൊതുവേ അദ്ദേഹത്തിന്റെ യഥാര്‍ഥ രചനകളായി അംഗീകരിക്കുന്ന പാരമ്പര്യമാണ് സഭാചരിത്രത്തില്‍ നിലനില്‍ക്കുന്നത്. സഭയുടെ ഐക്യത്തിനും വിശ്വാസത്തിന്റെ ആഴത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഇഗ്നേഷ്യസ്, മരണത്തെപ്പോലും ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ സാക്ഷ്യമായി സ്വീകരിച്ചു. വിശ്വാസം വാക്കുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ജീവിതത്തിലൂടെയും ത്യാഗത്തിലൂടെയും അത് പ്രകടമാകണമെന്നും അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.ഒക്ടോബര്‍ 17-നാണ് കത്തോലിക്കാസഭ വിശുദ്ധ അന്ത്യോക്യയിലെ ഇഗ്നേഷ്യസിന്റെ തിരുനാള്‍ ആചരിക്കുന്നത്.

